ദോഹ: ലുസൈലിലെ അന്താരാഷ്ട്ര സർക്യൂട്ടിൽ ശബ്ദത്തെയും തോൽപിക്കുന്ന വേഗത്തിൽ കാറുകൾ ചീറിപ്പാഞ്ഞ മണിക്കൂറുകൾ. ഗാലറി നിറഞ്ഞ അരലക്ഷത്തോളം വരുന്ന കാണികൾക്ക് മുന്നിൽ 57 ലാപുകളിലായി ലോകത്തെ അതിവേഗക്കാർ മിനൽപിണർ വേഗത്തിൽ ചീറിപ്പാഞ്ഞ ഒന്നരമണിക്കൂർ സമയം. ഒടുവിൽ, ഫോർമുല വൺ ഖത്തർ ഗ്രാൻഡ്പ്രീയുടെ മൂന്നാം സീസണിലും റെഡ്ബുളിലെ മാക്സ് വെസ്റ്റപ്പൻതന്നെ ഖത്തറിലെ കിരീടാവകാശിയായി. തുടർച്ചയായി രണ്ടാം തവണയാണ് മാക്സ് വെസ്റ്റപ്പൻ ഖത്തർ ഗ്രാൻഡ്പ്രീയിൽ കിരീടം ചൂടുന്നത്.നേരത്തേ ക്വാളിഫയിങ് റൗണ്ടിൽ മികച്ച സമയം നേടിയ വെസ്റ്റപൻ രണ്ടാം സ്ഥാനക്കാരനായാണ് സ്റ്റാർട്ടിങ് ഗ്രിഡിൽനിന്ന് ഓട്ടം തുടങ്ങിയത്. യോഗ്യത റൗണ്ടിൽ മികച്ച സമയവുമായി മേഴ്സിഡസിന്റെ ജോർജ് റസലായിരുന്നു മുന്നിൽ.
