ദോഹ: നാലു ദിവസങ്ങളിലായി പതിനായിരങ്ങൾ ഒഴുകിയെത്തി കതാറയിലെ ദേശീയ ദിനാഘോഷങ്ങൾ. ഞായറാഴ്ച മുതൽ ബുധനാഴ്ച രാത്രിയോടെ സമാപിച്ച കതാറയായിരുന്നു ഇത്തവണ ദോഹയിലെ ഏറ്റവും തിരക്കേറിയ ആഘോഷ കേന്ദ്രം.പൈതൃക പരിപാടികളും ആവേശം പകർന്ന സൈനിക പ്രദർശനങ്ങളും മറ്റ് കലാ, സാംസ്കാരിക പരിപാടികളുമായി ദേശീയ ദിനാഘോഷ പരിപാടികൾ ബുധനാഴ്ചയോടെ അവസാനിച്ചു. പൗരന്മാരും പ്രവാസികളും കുടുംബ സമേതം അവധി ദിനത്തിൽ ഒഴുകിയെത്തി.പാരാമോട്ടോർ പ്രകടനം, സൈനിക ബാൻഡ് പ്രകടനം,ഖത്തറിന്റെ പരമ്പരാഗത നൃത്തമായ അർദ, അൽ തുറായ പ്ലാനറ്റോറിയത്തിലെ പ്രദർശനങ്ങൾ, രാഷ്ട്രത്തോട് തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്ന ബുക്ക് ഓഫ് ലോയൽറ്റി ആൻഡ് ഡിവോഷൻ തുടങ്ങി നിരവധി നിരവധി പരിപാടികൾ കതാറയിൽ നടന്നു.
