ട്രിപ്പോളി: ശക്തമായ പേമാരിയും ഡാനിയേൽ കൊടുങ്കാറ്റും ദുരിതംവിതച്ച ലിബിയയിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 6,000 കടന്നു. 10,000ത്തോളം പേരെ കാണാനില്ല. 7,000ത്തോളം പേർ ഒറ്റപ്പെട്ടുപോയെന്നാണ് വിവരം. മരണ സംഖ്യ ഇരട്ടിയോളമായിരിക്കുമെന്ന് അധികൃതർ പറയുന്നു. പ്രളയത്തിൽപ്പെട്ട് നിരവധി പേർ കടലിലേക്ക് ഒഴുകിപ്പോയെന്നും ഇവർക്കായി നാവിക സേന തെരച്ചിൽ നടത്തുകയാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തീരദേശ നഗരമായ ഡെർനയെ ആണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്.
1,25,000 പേർ ജീവിക്കുന്ന ഡെർനയിലെ രണ്ട് ഡാമുകൾ തകർന്നതാണ് ദുരിന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ഡെർനയിലെ ആശുപത്രികളിൽ മൃതദേഹങ്ങൾ പെരുകുന്നതായാണ് അനൗദ്യോഗിക റിപ്പോർട്ട്. ഡെർനയിൽ മാത്രം 5,000ത്തോളം പേർ മരിച്ചതായി ചില സംഘടനകൾ അവകാശപ്പെടുന്നു. ഗ്രീസ്, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളിൽ നാശം വിതച്ച ഡാനിയേൽ കൊടുങ്കാറ്റ് ഞായറാഴ്ചയാണ് ഡെർനയടക്കമുള്ള കിഴക്കൻ ലിബിയൻ നഗരങ്ങളിൽ വീശിയടിച്ചത്. ലിബിയയിലെ രണ്ടാമത്തെ വലിയ നഗരമായ ബെംഗാസി, ബയ്ദ, അൽ മർജ്, സുസ തുടങ്ങിയ നഗരങ്ങളെയും പ്രളയം ബാധിച്ചു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C