2045-ഓടെ ആഗോള ഊർജ ആവശ്യം 25 ശതമാനം ഉയരും

ദുബായ്: 2045-ഓടെ ലോകമെമ്പാടുമുള്ള ഊർജ ആവശ്യകതയിൽ 25 ശതമാനം വർധനയുണ്ടാകുമെന്ന് ഒപെക് സെക്രട്ടറി ജനറൽ ഹൈതം അൽ ഗായിസ്. യു.എ.ഇ., സൗദി അറേബ്യ, കുവൈത്ത്, ചില ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവ എണ്ണവ്യവസായത്തിൽ നൂതന സാങ്കേതികവിദ്യകൾ വിജയകരമായി ഉപയോഗിച്ചിട്ടുണ്ടെന്നും അൽ ഗായിസ് വ്യക്തമാക്കി. അബുദാബിയിൽ നടക്കുന്ന അന്താരാഷ്ട്ര പെട്രോളിയം സമ്മേളനത്തിൽ (അഡിപെക്-2023) സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘2045-ഓടെ ആഗോള ജനസംഖ്യയിൽ ഏകദേശം 160 കോടിയുടെ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാവിയിൽ ലോകത്തിന് കൂടുതൽ ആവശ്യങ്ങളുണ്ടാകുമെന്നാണ് ഇതുനൽകുന്ന സൂചന. ഈ ആവശ്യങ്ങൾ നിറവേറ്റാൻ ഒരൊറ്റ ഊർജസ്രോതസ്സിനെ മാത്രം ആശ്രയിക്കാനാവില്ല. അതുകൊണ്ടാണ് ഒപെക് എണ്ണയിലും പുനരുപയോഗ ഊർജത്തിലുമുള്ള നിക്ഷേപത്തെ പിന്തുണയ്ക്കുന്നത്’’ -അൽ ഗായിസ് പറഞ്ഞു.

ഇന്ത്യ, ചൈന, യൂറോപ്യൻ യൂണിയൻ തുടങ്ങിയ പ്രധാന ഉപഭോക്താക്കളുമായി ഇതുസംബന്ധിച്ചുള്ള ചർച്ചകൾ വ്യാപിപ്പിക്കും. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിലും പുനരുപയോഗ ഊർജത്തിൽ നിക്ഷേപിക്കുന്നതിലും മുൻനിരയിലുള്ള രാജ്യമാണ് യു.എ.ഇ. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിൽ അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്‌നോക്) കാര്യമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും അൽ ഗായിസ് വിശദീകരിച്ചു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *