മിറാക്കിൾ ഗാർഡന്റെ പന്ത്രണ്ടാം പതിപ്പ്; പുഷ്പോത്സവം തുടങ്ങി

Twelfth Edition of Miracle Garden; The flower festival has started

ദുബായ് : വ്യത്യസ്ത നാടുകളിലെ അപൂർവ പുഷ്പങ്ങൾ വിടർന്നുനിൽക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വിസ്മയ പൂന്തോട്ടത്തിനു ദുബായിൽ തുടക്കം. മിറാക്കിൾ ഗാർഡന്റെ പന്ത്രണ്ടാം പതിപ്പിന് വെള്ളിയാഴ്ച തുടക്കമായി. ദുബായ് ലാൻഡിന്റെ ഹൃദയഭാഗത്ത് 72, 000 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് പുഷ്പോത്സവം ഒരുക്കിയിരിക്കുന്നത്. 120- ലേറെ ഇനങ്ങളിലായി 15 കോടിയിലേറെ പൂക്കളാണ് ഇത്തവണ സന്ദർശകരെ കാത്തിരിക്കുന്നത്. പൂക്കൾകൊണ്ട് അലങ്കരിച്ച ഏഴ് പുതിയ കൂട്ടിച്ചേർക്കലുകൾ ഇത്തവണത്തെ പ്രത്യേകതയാണ്.

ഫ്ലവർ ടണലുകൾ, ത്രിമാന ആകൃതിയിലുള്ള ലൈറ്റിങ് തൂണുകൾ, ഫ്ലവർ വാട്ടർ ഫൗണ്ടെനുകൾ എന്നിവയുൾപ്പെടെ വ്യത്യസ്തമായ പൂക്കൾകൊണ്ട് അലങ്കരിച്ച കൗതുകങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 5,00,72000- ത്തിലേറെ പൂക്കൾകൊണ്ട് അലങ്കരിച്ച് ഗിന്നസ് ബുക്കിൽ ഇടംപിടിച്ച ഭീമൻ എമിറേറ്റ്‌സ് എ 380 വിമാനവും പാർക്കിലുണ്ട്. പുതിയ പതിപ്പിൽ പൂക്കൾകൊണ്ടുള്ള ജലചക്രം ഏറെ ശ്രദ്ധയാകർഷിക്കുമെന്നാണ് പ്രതീക്ഷ. പുഷ്പങ്ങളും അലങ്കാരച്ചെടികളുംകൊണ്ട് നിർമിച്ച ഗോപുരങ്ങൾ, കൂറ്റൻ രൂപങ്ങൾ, തോരണങ്ങൾ എ്ന്നിവയെല്ലാം ഇവിടെ സന്ദർശകർക്ക് ആസ്വദിക്കാം.

ഇതിന് പുറമെ ഘോഷയാത്ര, നാടോടിനൃത്തം, സൂംബ നൃത്തം, കാർട്ടൂൺ മേളകൾ തുടങ്ങി ഒട്ടേറെ വിനോദപരിപാടികളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. സന്ദർശകരെ വരവേൽക്കാൻ ഗേറ്റുകളിൽ പ്രമുഖ കാർട്ടൂൺ രൂപങ്ങളുമുണ്ടാകും. മുൻപതിപ്പുകളിലെ വിജയത്തെ തുടർന്ന് കൂടുതൽ ആകർഷകമായ വിനോദപരിപാടികളും കാഴ്ചകളും ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. കുട്ടികൾക്കായിആനിമേഷൻ, കാർട്ടൂൺ കഥാപാത്രങ്ങളുടെ രൂപത്തിലാണ് പുഷ്പാലങ്കാരം.

Related News

സന്ദർശകരുടെ വർധനയെ തുടർന്ന് ഇത്തവണ കൂടുതൽ പാർക്കിങ് സ്ഥലങ്ങൾ, ഫുഡ് ഔട്ട്‌ലെറ്റുകൾ, ഇരിപ്പിടങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ് പ്രവർത്തനസമയം. വാരാന്ത്യങ്ങളിൽ രാത്രി 11 മണിവരെയും തുറന്നിരിക്കും. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. വിവരങ്ങൾക്ക് www.dubaimiraclegarden.com.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *