ധർമസ്ഥലയിലെ കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയ തലയോട്ടിയിലെ മണ്ണും ധർമസ്ഥലയിലെ മണ്ണും അന്വേഷണസംഘം പരിശോധിക്കും. മൃതദേഹങ്ങൾ കുഴിച്ചിട്ടതിനെ സംബന്ധിച്ച് അന്വേഷണസംഘത്തിന് നിർണായകവിവരങ്ങൾ ലഭിച്ചു. മൂന്ന് കിലോമീറ്റർ ചുറ്റളവിലെ വനമേഖലയിലും മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് മുൻശുചീകരണത്തൊഴിലാളി വെളിപ്പെടുത്തി. 2003-ൽ ധർമസ്ഥലയിൽ വെച്ച് കാണാതായ അനന്യാ ഭട്ടിന്റെ തിരോധാനക്കേസും പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും.ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം ധർമസ്ഥല പോലീസ് സ്റ്റേഷനിലെത്തി രേഖകൾ കൈപ്പറ്റിയിരുന്നു. നൂറിലധികം മൃതദേഹങ്ങൾ നേത്രാവതി പുഴയോടു ചേർന്ന വനമേഖലയിൽ അടക്കംചെയ്തിട്ടുണ്ടെന്നാണ് ശുചീകരണത്തൊഴിലാളിയുടെ പരാതിയിലുള്ളത്.സാക്ഷിയായ ശുചീകരണത്തൊഴിലാളി ജീവന് ഭീഷണിയെത്തുടർന്ന് 11 വർഷം ധർമസ്ഥലയിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഈ അടുത്താണ് അഭിഭാഷകരായ ഓജസ്വി ഗൗഡയെയും ധീരജിനെയും ബന്ധപ്പെട്ട് കൊലപാതകവിവരം കൈമാറിയത്. ഇതിനിടെ, 30 വർഷം മുൻപുണ്ടായ മകളുടെ ദുരൂഹമരണത്തിൽ സംശയം പ്രകടിപ്പിച്ച് പാലക്കാട് സ്വദേശിയായ സ്ത്രീ അന്വേഷണസംഘത്തെ സമീപിച്ചിട്ടുണ്ട്.
