ദോഹ: ഏഷ്യൻ കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടൂർണമെൻ്റിനാണ് ഖത്തർ വേദിയൊരുക്കുന്നതെന്ന് ഇന്ത്യൻ ഫുട്ബാൾ ടീം കോച്ച് ഇഗോർ സ്റ്റിമാക്. ഗ്രൂപ് റൗണ്ടിലെ അവസാന മത്സരത്തിൽ ചൊവ്വാ ഴ്ച സിറിയയെ നേരിടാനിരിക്കെ ദോഹയിൽ നടന്ന വാർത്തസമ്മേളനത്തിലായിരുന്നു ഏഷ്യൻ കപ്പിനുള്ള സൗകര്യങ്ങളെ കോച്ച് പ്രശംസിച്ചത്. സംഘാടനം കൊണ്ടും അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടും ഏറ്റവും മികച്ചതായി ഏഷ്യൻ കപ്പ് മാറിയെന്ന് അദ്ദേഹം പറഞ്ഞു. ‘ലോകകപ്പിനൊരുക്കിയ സ്റ്റേഡിയങ്ങളും പരിശീലന ഗ്രൗണ്ടുകളുമെല്ലാം ഏഷ്യൻ കപ്പിന് ഉപയോഗപ്പെടുത്താൻ കഴിഞ്ഞു. ടീം അംഗങ്ങൾക്ക് മികച്ച പരിശീലന വേദികൾത്തന്നെ ലഭിച്ചു. ചരിത്രത്തിലെ ഏറ്റവും മികച്ച ടൂർണമെൻ്റായി 18-ാമത് ഏഷ്യൻ കപ്പ് മാറും’-അദ്ദേഹം പറഞ്ഞു.
ഏഷ്യൻ കപ്പിനായി ഡിസംബർ 30ന് ദോഹയിലെത്തിയ ഇന്ത്യൻ ടീം കഴിഞ്ഞ മൂന്നാഴ്‌ചയിലേറെയായി ലോകകപ്പിനൊരുക്കിയ പരിശീലന മൈതാനങ്ങളിലാണ് പരിശീലിക്കുന്നത്. ടൂർണമെൻ്റിലെ ആദ്യ രണ്ടു മത്സരങ്ങളും ലോകകപ്പിൻ്റെ പ്രധാന വേദികളിലൊന്നായ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലും നടന്നു. നിറഞ്ഞ ഗാലറിയിലായിരുന്നു ഇരു മത്സരങ്ങളിലും ഇന്ത്യ പന്തുതട്ടിയത്. ലോകകപ്പിൻ്റെ ശ്രദ്ധേയ വേദി യും ഇരിപ്പിടങ്ങളിൽ ഖത്തറിലെ രണ്ടാമത്തെ വേദിയുമായ അൽ ബെയ്‌ത് സ്റ്റേഡിയത്തിലാണ് ചൊവ്വാഴ്ച സിറിയക്കെതിരെ കളിക്കുന്നത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C