ഗസ്സയുടെ തണുപ്പകറ്റാൻ യു.എ.ഇ; 4 ലക്ഷം ശൈത്യകാല ജാക്കറ്റുകൾ കൈമാറും

ദുബൈ: യുദ്ധ ദുരിതത്തിനൊപ്പം തണുപ്പിൻ്റെ കാഠിന്യം കൂടി പ്രതിസന്ധിയിലാക്കിയ ഗസ്സ ജനതക്ക് യു.എ.ഇയുടെ സഹായം. തണുപ്പിനെ പ്രതിരോധിക്കുന്ന 4 ലക്ഷം ജാക്കറ്റുകൾ ഗസ്സയിൽ എത്തിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. ഇതിനായി അവസാനവട്ട സജ്ജീകരണങ്ങൾ പൂർത്തിയാക്കി.

പുതപ്പുകൾ, ഹീറ്ററുകൾ; ശീതകാല കയ്യുറകൾ എന്നിവയും ജാക്കറ്റുകൾകൊപ്പം നൽകാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് എമിറേറ്റ്സ് റെഡ് ക്രസൻ്റ് അറിയിച്ചു. ഈജിപ്‌തിൽ നിർമിച്ച വിന്റർ ജാക്കറ്റുകൾ ഗസ്സ അതിർത്തിപ്രദേശമായ അൽ ആരിഷിലാണ് എത്തിക്കുക.

അവിടെ നിന്ന് റഫ അതിർത്തി മുഖേന വീട് നഷ്‌ടപ്പെട്ട് തെരുവിൽ താമസിക്കുന്ന ജനങ്ങളിലേക്ക് എത്തിക്കും. യു.എ.ഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ് യാൻ പ്രഖ്യാപിച്ച ഗാലന്റ് നൈറ്റ്-3 ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായാണിത്. ഇതിനകം 16ലക്ഷം വസ്ത്രങ്ങളും പുതപ്പുകളും ഗസ്സയിൽ എത്തിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് കൂടുതൽ സഹായം എത്തിക്കുന്നത്.

Related News

ഇസ്രയേൽ ആക്രമണത്തെ തുടർന്ന് വിവിധ ഭാഗങ്ങളിൽ നിന്ന് പാലായനം ചെയ്‌തവർ ചെറിയ കൂടാരങ്ങളിലായാണ് താമസിക്കുന്നത്. തണുപ്പ് കടുത്തതോടെ ഇവിടങ്ങളിൽ താമസിക്കുന്നവരുടെ ദുരിതം ഇരട്ടിയായിട്ടുണ്ട്.

ഗസ്സയിലെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് യു.എ.ഇ സ്ഥാപിച്ച രണ്ടാമത് കടൽവെള്ള ശുചീകരണ പ്ലാൻ്റ് അടുത്തിടെ വിപുലീകരിച്ചിരുന്നു. മെഡിറ്ററേനിയൻ കടലിൽ നിന്ന് പ്ലാന്റിലേക്ക് പൈപ്പുകളിലൂടെ വെള്ളം എത്തിച്ച് ഫിൽട്ടർ ചെയ്‌ത്‌ ഗസ്സക്കാർക്ക് ഉപയോഗിക്കാനായി ഭൂഗർഭ മാർഗത്തിലൂടെ എത്തിക്കുന്നതാണ് പദ്ധതി.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *