‘ക്രെഡിറ്റി’ന്റെ രാഷ്ട്രീയൊഴുക്കിൽ വിഴിഞ്ഞത്ത് ആദ്യ കപ്പലിനു സ്വീകരണം

തിരുവനന്തപുരം: അവകാശവാദങ്ങളുയർത്തിയ രാഷ്ട്രീയത്തിരയിളക്കത്തിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ആദ്യകപ്പൽ ‘ഔദ്യോഗികമായി’ ബെർത്തിൽ അണഞ്ഞു. രാഷ്ട്രീയഭേദമെന്യേ നേതാക്കൾ പങ്കെടുത്ത സ്വീകരണച്ചടങ്ങിൽ പക്ഷേ ഓരോരുത്തരും ഉയർത്തിയത് ‘ക്രെഡിറ്റി’ന്റെ രാഷ്ട്രീയം.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, അദാനി പോർട്സ് സിഇഒ കരൺ അദാനി, മന്ത്രിമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പച്ചക്കൊടി വീശി കപ്പലിനെ സ്വാഗതം ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും സംഭാവനകൾ എടുത്തുപറഞ്ഞാണു മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷ പ്രസംഗം നടത്തിയത്. കേരളത്തെ സംബന്ധിച്ച് അസാധ്യം എന്ന വാക്കില്ലെന്നു പറഞ്ഞു പ്രസംഗം തുടങ്ങിയ മുഖ്യമന്ത്രി, പദ്ധതിയെ എതി‍ർത്തതു രാജ്യാന്തര ലോബികളും വാണിജ്യ താൽപര്യക്കാരുമാണെന്നു കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാൽ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിൽ ഉമ്മൻ ചാണ്ടിയെക്കുറിച്ചു പരാമർശമുണ്ടായിരുന്നില്ല.

പിന്നീടു പ്രസംഗിച്ച കേന്ദ്രമന്ത്രി വി.മുരളീധരൻ, കഴിഞ്ഞ 9 വർഷത്തെ നരേന്ദ്ര മോദി സർക്കാരിന്റെ സദ്ഭരണത്തിന്റെ പ്രതിഫലനമാണു വിഴിഞ്ഞം തുറമുഖമെന്ന അവകാശവാദമുന്നയിച്ചു. 9 വർഷം ഇന്ത്യയുടെ അടിസ്ഥാന വികസനരംഗത്തുണ്ടായ നേട്ടങ്ങളുടെ തൊപ്പിയിൽ പൊൻതൂവലാണു തുറമുഖമെന്നും മുരളീധരൻ അവകാശപ്പെട്ടു.

അദാനി കമ്പനിയെ ഒഴിച്ചുനിർത്തിയാൽ പദ്ധതിയുടെ മുഴുവൻ പണവും മുടക്കുന്നതു സംസ്ഥാന സർക്കാരാണെന്നും, ഇതു സംസ്ഥാന പദ്ധതിയാണെന്നും കേന്ദ്രമന്ത്രിയെ ഓർമിപ്പിച്ചായിരുന്നു മന്ത്രി വി.ശിവൻകുട്ടിയുടെ പ്രസംഗം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എല്ലാ ക്രെഡിറ്റും ഉമ്മൻ ചാണ്ടിക്കാണു നൽകിയത്.

ക്രെയിനുകളുമായെത്തിയ ആദ്യ ചരക്കുകപ്പൽ ചൈനയിലെ ഷെൻ ഹുവ 15നെയാണു സ്വീകരിച്ചത്. ഇന്നു ക്രെയിനുകൾ ഇറക്കിത്തുടങ്ങും. 12നു വിഴിഞ്ഞത്ത് ബെർത്ത് ചെയ്ത കപ്പൽ നാലു ദിവസത്തിനകം തീരം വിടും.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *