ഓണത്തിന് പച്ചക്കറി വില കൂടുമോ


കാലംതെറ്റിയ മഴയും വരൾച്ചയും മൂലം അയൽസംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കെത്തുന്ന പച്ചക്കറിയുടെ അളവു കാര്യമായി കുറഞ്ഞു. കൃഷിയുള്ള ജില്ലകളിലെ ഉൽപാദനവും കുറവാണ്. ഓണത്തിന് വില ഉയർന്നേക്കാമെന്ന ആശങ്കയും വ്യാപാരികൾ പങ്കുവയ്ക്കുന്നു. സവാളയ്ക്കും ഉള്ളിക്കും വില ഉയർന്നു തുടങ്ങി.

ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി, ചെറുതന, എടത്വ, ചേർത്തല, വള്ളികുന്നം, ഭരണിക്കാവ് എന്നിവിടങ്ങളിൽ ഏത്തയ്ക്ക, പച്ചമുളക്, ഇഞ്ചി, വെണ്ടയ്ക്ക, മത്തങ്ങ, കുമ്പളം, വഴുതന, പാവൽ, പടവലം, വെള്ളരി, കോവയ്ക്ക, ചേന, മരച്ചീനി, ചേമ്പ്, കാച്ചിൽ എന്നീ കൃഷികളുണ്ടെങ്കിലും ചേനയൊഴികെ ജില്ലയ്ക്കു പുറത്തേക്കു കൊണ്ടുപോകാനുള്ള അളവിലില്ല. തിരുവനന്തപുരത്തേക്കും പച്ചക്കറി ലോഡുകൾ നിലവിൽ കുറവാണ്.

കേരളത്തിലെ പ്രധാന പച്ചക്കറി ഉൽപാദന മേഖലയായ പാലക്കാട്ടു നിന്ന് ഓണത്തിനു മറ്റു ജില്ലകൾക്കു നൽകാൻ പച്ചക്കറി കുറവാണ്. ഏതാണ്ട് 200 ടണ്ണോളം പച്ചക്കറി മാത്രമേ ഇതരജില്ലകളിലേക്കു കൊണ്ടുപോകാനാകൂ. ചേന, മത്തൻ, കുമ്പളം, പയർ, പാവൽ, പടവലം, വെണ്ട, പീച്ചിങ്ങ ഉൾപ്പെടെയുള്ള ഇനങ്ങളും പുറത്തേക്കു പോകാനുണ്ടാകും. അട്ടപ്പാടിയിൽ ഇത്തവണ മല്ലിയില, ചെറിയ ഉള്ളി, ബീറ്റ്റൂട്ട് എന്നിവ നൽകാനുണ്ടാകും. 400 ഹെക്ടർ വരെ പച്ചക്കറിക്കൃഷി ചെയ്യുന്ന വടകരപ്പതിയൽ ഇത്തവണ 150 ഹെക്ടറാണു കൃഷിയുള്ളത്.

Related News

തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്നാണു കേരളത്തിലേക്കു കൂടുതലായി പച്ചക്കറി എത്തുന്നത്. എന്നാൽ കാലം തെറ്റിയ മഴയും വരൾച്ചും ഇത്തവണ അവിടെയും ഉൽപാദനം കുറച്ചു. ഏതാണ്ട് 40 ശതമാനത്തോളം വിള കുറഞ്ഞെന്നാണു കണക്കാക്കുന്നത്. ഇതു കേരളത്തിലേക്കുള്ള വരവിനെ ബാധിക്കും. തമിഴ്നാട്ടിൽ വരൾച്ചയാണ് ഇത്തവണ പ്രശ്നം. തമിഴ്നാട്ടിൽ പച്ചക്കറി കൃഷിക്ക് ഉൽപാദനം കുറഞ്ഞതോടെ ഒട്ടൻചത്രം, പഴനി, മധുര, ഡിണ്ടിഗൽ, ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് വൻതോതിൽ കുറഞ്ഞു.

കർഷകരിൽ നിന്നാണ് ഹോർട്ടികോർപ് പച്ചക്കറി കൂടുതലായും സംഭരിക്കുന്നത്. കൃഷി വകുപ്പിന്റെ ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം 24 ന് നടക്കും.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *