ന്യൂഡൽഹി∙ 2017-ലെ ഉന്നാവ് ബലാത്സംഗക്കേസിലെ അതിജീവിതയായ പെൺകുട്ടി ഡൽഹിയിലെ താമസസ്ഥലത്ത് നിന്ന് കുടിയിറക്കൽ ഭീഷണിയിൽ. ഏതാനും വർഷങ്ങൾക്ക് മുമ്പ് യുപിയിൽ നിന്ന് ഡൽഹിയിലേക്ക് താമസം മാറിയ പെൺകുട്ടിക്ക് ഡൽഹി വനിതാ കമ്മിഷൻ വാടക നൽകാത്തതിനാൽ അന്തിയുറങ്ങുന്ന വീട്ടിൽ നിന്ന് ഇറങ്ങേണ്ട അവസ്ഥയിലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാടക നൽകിയില്ലെങ്കിൽ പുറത്താക്കുമെന്നും വൈദ്യുതി വിച്ഛേദിക്കുമെന്നും വീട്ടുടമ ഭീഷണിപ്പെടുത്തിയതായി യുവതി പറഞ്ഞു.
ബലാത്സംഗവുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത അഞ്ചു കേസുകളും ലക്നൗ കോടതിയിൽ നിന്ന് ഡൽഹി ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു. അതിജീവിച്ച പെൺകുട്ടിക്കും കുടുംബത്തിനും തലസ്ഥാനത്ത് താമസസൗകര്യം ലഭ്യമാക്കാൻ സഹായിക്കണമെന്ന് ഡൽഹി ഹൈക്കോടതി 2019 സെപ്റ്റംബറിലാണ് ഡൽഹി വനിതാ കമ്മീഷനോട് നിർദേശിച്ചത്. ഇതിനു പുറമേ അതിജീവിതയ്ക്ക് സിആർപിഎഫ് സുരക്ഷ ഒരുക്കണമെന്ന് സുപ്രീംകോടതിയും നിർദേശിച്ചിരുന്നു. കോടതി നിർദേശത്തെ തുടർന്ന് ഡൽഹിയിലെ നംഗ്ലോയിൽ യുവതിക്കും അമ്മയ്ക്കും വനിതാ കമ്മിഷൻ താമസസൗകര്യം ഒരുക്കി.
പിന്നീട് 2023 മേയിൽ വിവാഹിതയായ യുവതി തുടർന്ന് ഭർത്താവിനൊപ്പം മറ്റൊരു വാടകവീട്ടിലേക്ക് താമസം മാറുകയായിരുന്നു. സുപ്രീം കോടതി നിർദേശമുള്ളതിനാൽ ഇവിടെയും സിആർപിഎഫ് അതിജീവിതക്ക് സുരക്ഷ ഒരുക്കി. സിആർപിഎഫ് ഉദ്യോഗസ്ഥൻ താമസിക്കുന്ന ഒറ്റമുറി വീടിന്റെയും അതിജീവിത താമസിക്കുന്ന വാടക വീടിന്റെയും വാടകയും വൈദ്യുതി ബില്ലും കോടതി ഉത്തരവ് പ്രകാരം ഡൽഹി വനിതാ കമ്മിഷനാണ് നൽകി കൊണ്ടിരുന്നത്. വനിതാ ശിശു വികസന വകുപ്പിൽ നിന്നാണ് ഈ തുക കമ്മിഷൻ കണ്ടെത്തിയിരുന്നത്. ഈ തുക യുപി സർക്കാർ പിന്നീട് മടക്കി നൽകണമെന്നും കോടതി വ്യവസ്ഥ വച്ചിരുന്നു.
