ദുബൈ: ഗസ്സയിൽ യുദ്ധത്തിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ യു.എ.ഇ ഫീൽഡ് ആശുപത്രി സ്ഥാപിക്കും. ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ‘ഗാലന്റ് നൈറ്റ്-3’ ഓപറേഷന്റെ ഭാഗമായാണ് ഈ സംരംഭം ഒരുക്കുന്നത്. ഫലസ്തീനികൾക്ക് മെഡിക്കൽ സഹായം എത്തിക്കുന്നതിനായി ആശുപത്രി സ്ഥാപിക്കാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് ഉത്തരവിട്ടത്.
ഫീൽഡ് ആശുപത്രിയിലേക്ക് ആവശ്യമായ ഉപകരണങ്ങളും സാമഗ്രികളുമായി തിങ്കളാഴ്ച അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് അഞ്ചും ചൊവ്വാഴ്ച ആറും വിമാനങ്ങൾ ഈജിപ്തിലേക്ക് പറന്നു. സി.ടി സ്കാനിങ്, ലബോറട്ടറി, ഫാർമസി, മറ്റ് മെഡിക്കൽ സഹായ സംവിധാനങ്ങൾ എല്ലാം ഒരുക്കുന്നുണ്ട്. നിലവിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ ഫലസ്തീൻ ജനതയോടുള്ള പിന്തുണയും ഐക്യദാർഢ്യവും അറിയിക്കുന്നതിന്റെ ഭാഗമായാണ് ആശുപത്രി സജ്ജീകരിക്കുന്നത്.
150 കിടക്കകളുള്ള ഫീൽഡ് ആശുപത്രി ഒന്നിലധികം ഘട്ടങ്ങളിലായാണ് സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും തീവ്രപരിചരണ വിഭാഗം, അനസ്തേഷ്യ, ജനറൽ സർജറി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, ഗൈനക്കോളജി എന്നീ വകുപ്പുകൾ ആശുപത്രിയിൽ സജ്ജീകരിക്കും. ഇന്റേണൽ മെഡിസിൻ, ദന്തചികിത്സ, സൈക്യാട്രി, ഫാമിലി മെഡിസിൻ എന്നിവക്കുള്ള ക്ലിനിക്കുകളും ഇവിടെയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
Related News
ഫലസ്തീൻ ജനതക്ക് രണ്ട് കോടി ഡോളറിന്റെ അടിയന്തര സഹായവും ഗസ്സയിൽനിന്ന് 1,000 കുട്ടികളെ കുടുംബത്തോടൊപ്പം യു.എ.ഇ ആശുപത്രികളിൽ ചികിത്സക്കായി എത്തിക്കുന്ന പദ്ധതിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ ‘തറാഹൂം -ഫോർ ഗസ്സ’ എന്ന തലക്കെട്ടിൽ കമ്യൂണിറ്റി റിലീഫ് കാമ്പയിനും തുടക്കമിട്ടിട്ടുണ്ട്
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C