മസ്ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടാക്‌സി ചാര്‍ജ് കുത്തനെ കുറച്ചു

മസ്ക്കറ്റ്: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ടാക്‌സി ചാര്‍ജ് കുത്തനെ കുറച്ച് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം. വ്യാജ ടാക്‌സികള്‍ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് നിരക്ക് കുറച്ച് കൊണ്ടുളള പുതിയ മാറ്റത്തിന് മന്ത്രാലയം തയ്യാറായിരിക്കുന്നത്.

മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്നതിന് അടുത്തിടെ അനുമതി ലഭിച്ച രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി ബുക്കിംഗ് സ്വീകരിക്കുന്ന ടാക്സികളുടെ നിരക്കുകളിലാണ് 45 ശതമാനം കുറവ് വരുത്തിയിരിക്കുന്നത്. ഒ-ടാക്സി, ഒമാന്‍ ടാക്സി എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കാണ് പുതുതായി മന്ത്രാലയം അനുമതി നല്‍കിയത്.

പുതുക്കിയ നിരക്ക് പ്രകാരം 1.5 ഒമാന്‍ റിയാലായിരിക്കും കുറഞ്ഞ ടാക്‌സി വാടക. തുടര്‍ന്നുള്ള ഓരോ കിലോമീറ്റര്‍ യാത്രക്ക് 250 ബൈസ വീതം ഈടാക്കും. വിമാനത്താവളത്തിലെ ടാക്സി നിരക്ക് കൂടുതലായതിനാല്‍ പലരും വ്യാജ ടാക്സികളെയാണ് യാത്രയ്ക്കായി ആശ്രയിച്ചിരുന്നത്. എന്നാല്‍ അംഗീകൃത ടാക്‌സികള്‍ക്കുളള നിരക്ക് കുറച്ചതോടെ ഇതിന് പരിഹാരമാകുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

അടുത്ത മാസം ഒന്നു മുതല്‍ ടൂറിസ്റ്റ് കോംപ്ലക്സുകള്‍, ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, തുറമുഖങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ടാക്സികളെയും ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തും. ജനുവരി ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തില്‍ രാജ്യത്ത് സര്‍വീസ് നടത്തുന്ന വെള്ള, ഓറഞ്ച് ടാക്സികളെയും പദ്ധതിയുടെ ഭാഗമാക്കാനാണ് തീരുമാനം. ടാക്സികളില്‍ റൂട്ട് ട്രാക്കിംഗ് സംവിധാനവും നിര്‍ബന്ധമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷിതത്വവും വാടകയിലെ സുതാര്യതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *