ദുബായ്: നിർമിത ബുദ്ധിയുടെ (എഐ) അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തി നവീന പദ്ധതി ആവിഷ്ക്കരിക്കുന്നവർക്ക് 10 ലക്ഷം ദിർഹത്തിന്റെ സമ്മാനം നേടാൻ അവസരം. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ (ഡിഎഫ്എഫ്) ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്.
ദുബായ് സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡിഎഫ്എഫും സംയുക്തമായാണ് ചാലഞ്ച് സംഘടിപ്പിക്കുന്നത്. ആരോഗ്യസംരക്ഷണം, നിയമനിർമാണം, കല, സംഗീതം, കണ്ടന്റ് വികസനം തുടങ്ങി വ്യത്യസ്ത മേഖലകളിൽ ആശയം വികസിപ്പിക്കാം. 2 ദിവസമായി നടക്കുന്ന ചാലഞ്ചിന്റെ ആദ്യ ദിവസം 30 പദ്ധതികളെ അന്തിമ പട്ടികയിലേക്കു തിരഞ്ഞെടുക്കും. ഇവരെ 5 ഗ്രൂപ്പുകളാക്കി തിരിച്ച് രണ്ടാം ദിവസം പ്രദർശിപ്പിക്കും. ഇതിൽനിന്ന് സാഹിത്യം, കല, കോഡിങ് വിഭാഗങ്ങളിലായി 3 വിജയികളെ കണ്ടെത്തും. വേഗം, ഗുണം, കൃത്യത എന്നിവ അടിസ്ഥാനമാക്കിയായിരിക്കും ജേതാക്കളെ തിരഞ്ഞെടുക്കുക. 2024 മേയിൽ നടക്കുന്ന ഗ്ലോബൽ പ്രോംപ്റ്റ് എൻജിനീയറിങ് ചാംപ്യൻഷിപ്പിൽ വിജയികളെ പ്രഖ്യാപിക്കുക.
നൂതന പദ്ധതികൾ വികസിപ്പിക്കുന്ന കേന്ദ്രമെന്ന നിലയിൽ ദുബായിയുടെയും യുഎഇയുടെയും സ്ഥാനം ശക്തിപ്പെടുത്തുകയാണ് ചാംപ്യൻഷിപ്പിന്റെ ലക്ഷ്യം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പദ്ധതിയെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു
Related News
നവീന സാങ്കേതിക വിദ്യകൾക്ക് പിന്തുണ നൽകി രാജ്യത്തെ ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തും. ഭാവി രൂപപ്പെടുത്തുന്നതിനും ആഗോള വെല്ലുവിളികൾക്കുള്ള പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും രാജ്യം യുവതലമുറയ്ക്ക് അവസരമൊരുക്കും. ഇതുവഴി പ്രോഗ്രാമർമാർ, സംരംഭകർ, സ്റ്റാർട്ടപ്പുകൾ എന്നിവരെ ശാക്തീകരിക്കുകയും ചെയ്യും. സ്റ്റാർട്ടപ്പുകളുടെ കേന്ദ്രമാക്കി ഭാവിയിലെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് മറ്റൊരു ലക്ഷ്യം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയ്ക്ക് ആവശ്യമായ അന്തരീക്ഷം ഒരുക്കുകയും അവ പ്രയോജനപ്പെടുത്തുകയും ചെയ്തുവരുന്നതിലൂടെ ആഗോള എഐ കേന്ദ്രമായി ദുബായ് മാറിയതായും ഷെയ്ഖ് ഹംദാൻ പറഞ്ഞു. ചാറ്റ്ജിപിടി, മിഡ്ജേർണി തുടങ്ങി ഏറ്റവും പുതിയ സാധ്യതകൾ ഉപയോഗപ്പെടുത്തി സമൂഹത്തിന് ഗുണകരമാകുന്ന പദ്ധതി ആവിഷ്ക്കരിക്കാൻ അവസരമൊരുക്കുന്ന ചാലഞ്ചിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർക്ക് പങ്കെടുക്കാം.
ഗ്ലോബൽ പ്രോംപ്റ്റ് എൻജിനീയറിങ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് https://challenge.dub.ai/ar/ വെബ്സൈറ്റിൽ അപേക്ഷിക്കാം.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C