ദോഹ: ലോകമെങ്ങുമുള്ള കാറോട്ടപ്രേമികളുടെ ഇഷ്ട ഇനമായ ഫോർമുല വൺ ചാമ്പ്യൻഷിപ്പിലെ ഖത്തർ ഗ്രാൻഡ്പ്രീക്കും തൊട്ടുപിന്നാലെ, ബൈക്ക് റേസുകാരുടെ ഹരമായ മോട്ടോ ജി.പിക്കും ഖത്തറിലെ റേസിങ് ട്രാക്കായ ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ട് വരുന്ന മാസങ്ങളിൽ വേദിയാവും.
ഖത്തർ ഫോർമുല വൺ ഗ്രാൻഡ്പ്രീ, ഖത്തർ എയർവേസ് ഗ്രാൻഡ്പ്രീ, ഖത്തർ മോട്ടോ ജി.പി 2023 എന്നിവയാണ് ലുസൈൽ അന്താരാഷ്ട്ര സർക്യൂട്ടിൽ നടക്കാനിരിക്കുന്ന പ്രധാന ചാമ്പ്യൻഷിപ്പുകൾ. ഒക്ടോബർ ആറു മുതൽ എട്ടു വരെയാണ് ഖത്തർ ഫോർമുല വൺ ഗ്രാൻഡ്പ്രിക്സ് നടക്കുന്നത്. അടുത്ത വർഷം മാർച്ചിൽ ഖത്തർ 1812 എന്ന പേരിൽ എഫ്.ഐ.എ വേൾഡ് എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന റൗണ്ടിനും ലുസൈൽ സർക്യൂട്ട് വേദിയാകും
സമഗ്രമായ വികസനത്തിനും നവീകരണത്തിനുമാണ് സർക്യൂട്ട് ഒരുങ്ങുന്നത് . 5.418 കിലോമീറ്ററാണ് സർക്യൂട്ടിന്റെ നീളം. റേസ്ട്രാക്ക് വികസനം, കെട്ടിടങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും വികസനം, സർക്യൂട്ടിന് ചുറ്റുമുള്ള റോഡുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നിർമാണവും വികസനവും തുടങ്ങിയവ ഉൾപ്പെടുത്തി മൂന്നു പാക്കേജുകളിലായാണ് ലുസൈൽ അന്താരാഷ്ട്ര സർക്യൂട്ട് നവീകരണ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിൽ 40,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഗ്രാൻഡ് സ്റ്റാൻഡ് ഉൾപ്പെടുന്നു. 10,000 കാറുകൾ പാർക്ക് ചെയ്യുന്നതിനുള്ള പാർക്കിങ് ഏരിയകളുടെ നിർമാണവും ഇതിലുൾപ്പെടും.
Related News
പൊതുമരാമത്ത് അതോറിറ്റിയായ അശ്ഗാൽ ആണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച നവീകരണ പ്രവർത്തനങ്ങൾ ഈ വർഷം സെപ്റ്റംബറിൽ പൂർത്തിയാകും. റേസ് കൺട്രോൾ, മീഡിയ, മെഡിക്കൽ സെന്ററുകൾ, പുതിയ പിറ്റ് ബോക്സുകൾ, വിപുലീകരിച്ച ഫാൻ ഏരിയകൾ തുടങ്ങിയവ ഉൾപ്പെടെ മോട്ടോർ സ്പോർട്സ് പ്രേമികൾക്കായി അത്യാധുനിക സൗകര്യങ്ങളാണ് സർക്യൂട്ടിൽ തയാറായിക്കൊണ്ടിരിക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ഡ്രൈവർമാർക്കും ടീമുകൾക്കും ആരാധകർക്കും മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C