മസ്കത്ത്: 2022ലെ രണ്ടാം പകുതിയെ അപേക്ഷിച്ച് ഈ വർഷത്തിൻ്റെ ആദ്യ പകുതിയിൽ സുൽത്താനേറ്റിൽ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം 102 ശതമാനം വർധിച്ചതായി ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ റിപ്പോർട്ട്. ഈ കാലയളവിൽ സ്നാപ്ചാറ്റിന് ഉപയോക്താക്കളുടെ എണ്ണത്തിൽ 31 ശതമാനം വർധനയും ഉണ്ടായി. ഇൻസ്റ്റഗ്രാം (27 ശതമാനം), യുട്യൂബ് (18 ശതമാനം), എക്സ് (15 ശതമാനം), വാട്സ്ആപ് (12 ശതമാനം) എന്നിവയാണ് വളർച്ച കൈവരിച്ച മറ്റ് സമൂഹ മാധ്യമ പ്ലാറ്റുഫോമുകൾ. മൊത്തം മൊബൈൽ ബ്രോഡ്ബാൻഡ് സബ്സ്ക്രിപ്ഷൻ 120 ശതമാനം വർധിച്ച് 5,937,159 ആയി.
ഒരു സബ്സ്ക്രിപ്ഷൻ്റെ ശരാശരി പ്രതിമാസ വരുമാനം 3.248 റിയാൽ ആണ്. ഈ വർഷം ഒക്ടോബർ വരെയുള്ള കണക്കുപ്രകാരം, ഏകദേശം മൂന്ന് ബില്യൺ പ്രതിമാസ സജീവ ഉപയോക്താക്കളുള്ളതിനാൽ ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നാം സ്ഥാനത്ത് ഫേസ് ബുക്കാണുള്ളത്. ഏകദേശം 2.49 ബില്യൺ പ്രതിമാസ സജീവ ഉപയോക്താക്കളുമായി യുട്യൂബ് രണ്ടും രണ്ട് ബില്യൺ പ്രതിമാസ സജീവ ഉപയോക്താക്കളുമായി വാട്സ്ആപ് മൂന്നാം സ്ഥാനത്തുമാണുള്ളതെന്ന് വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സിൻ്റെ റിപ്പോർട്ടിൽ പറയുന്നു.
ഏകദേശം രണ്ട് ബില്യൺ പ്രതിമാസ സജീവ ഉപയോക്താക്കളുമായി ഇൻസ്റ്റഗ്രാം നാലാം സ്ഥാനത്താണ്. 930 ദശലക്ഷം പ്രതിമാസ സജീവ ഉപയോക്താക്കളുള്ള ലിങ്ക്ഡ്ഇൻ പട്ടികയിൽ എട്ടാം സ്ഥാനത്താണ്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C