ഷാർജ: നവംബർ 1 മുതൽ 12 വരെ ഷാർജയിലെ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയുടെ (എസ്‌ഐബിഎഫ്) 42-ാമത് വാർഷിക പതിപ്പിൽ 1981-ൽ ആരംഭിച്ചതിന് ശേഷം ഏറ്റവും കൂടുതൽ രാജ്യങ്ങൾ പങ്കെടുക്കും.
ഞങ്ങൾ പുസ്തകങ്ങളെക്കുറിച്ച് പറയുന്നു എന്നതാണ് ഷാർജ ബുക്ക് അതോറിറ്റി (എസ്‌ബിഎ) സംഘടിപ്പിക്കുന്ന മേളയുടെ ഇപ്രാവശ്യത്തെ പ്രമേയം.ഇന്ത്യയടക്കം 108 രാജ്യങ്ങളിൽ നിന്നുള്ള 2,033 പ്രസാധകരും പ്രദർശകർ പങ്കെടുക്കും. 15 ലക്ഷം ടൈറ്റിലുകളാണ് ഇപ്രാവശ്യം പ്രദർശിപ്പിക്കുക. ഇവ വിലയ്ക്ക് വാങ്ങാനുള്ള അവസരവുമുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 600 എഴുത്തുകാർ അവരുടെ പുതിയ കൃതികളിൽ ഒപ്പിടാൻ മേളയിലെത്തും. 69 രാജ്യങ്ങളിൽ നിന്നുള്ള 215 അതിഥികൾ നയിക്കുന്ന 1,700-ലേറെ സാഹിത്യ കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറും.അതിഥി രാജ്യമായ ദക്ഷിണ കൊറിയയെ ആദരിക്കും. സാഹിത്യം, കല, സാങ്കേതികവിദ്യ, സംസ്കാരം എന്നിവ ഉൾക്കൊള്ളുന്ന ദക്ഷിണ കൊറിയയുടെ അതുല്യമായ അറിവും സാംസ്കാരിക ഭൂപ്രകൃതിയും പ്രദർശിപ്പിച്ചുകൊണ്ടാണ് ആ രാജ്യത്തെ ആദരിക്കുക. പോർച്ചുഗീസ് യൂണിവേഴ്‌സിറ്റി ഓഫ് കോയിംബ്രയുമായി സഹകരിച്ച് 60 ചരിത്ര കലാരൂപങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രദർശനവും സാംസ്‌കാരിക പരിപാടിയും സംഘടിപ്പിക്കും. കൂടാതെ, സന്ദർശകരുടെ അറിവ് സമ്പന്നമാക്കുന്നതിനായി 6 സംവേദനാത്മക ഇടങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് നടി കരീന കപൂർ ആണ് ഇപ്രാവശ്യമെത്തുന്ന പ്രമുഖരിലൊരാൾ. തന്റെ കരീനാ കപൂർ ഖാൻസ് പ്രഗ്നൻസി ബൈബിൾ; ദി അൾടിമേറ്റ് മാന്വൽ ഫോർ മംസ് ടു ബി എന്ന പുസ്തകവുമായാണ് താരം എത്തുക. 1986 ലെ സാഹിത്യ നൊബേൽ ജേതാവ് നൈജീരിയൻ നാടകകൃത്തും നോവലിസ്റ്റുമായ വോൾ സോയിങ്കയാണ് മറ്റൊരു പ്രധാന അതിഥി.കൂടാതെ ഇന്ത്യൻ എഴുത്തുകാരി മോണിക്ക ഹാലൻ, ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്, ഡച്ച് എഴുത്തുകാരൻ സ്വാമി പൂർണചൈതന്യ, , സ്വീഡിഷ് എഴുത്തുകാരൻ തോമസ് എറിക്സൺ, ബ്രിട്ടീഷ്-പാക്കിസ്ഥാൻ നോവലിസ്റ്റും എഴുത്തുകാരനുമായ മൊഹ്‌സിൻ ഹമീദ്, ചെക്ക്-കനേഡിയൻ ശാസ്ത്രജ്ഞൻ വക്ലാവ് സ്മിൽ എന്നിവരാണ് മറ്റു പ്രമുഖർ.
Related News
മേളയ്ക്ക് മുന്നോടിയായി 13-ാമത് പ്രസാധക സമ്മേളനം ഈ മാസം 29 മുതൽ 31 വരെ മൂന്ന് ദിവസം നീണ്ടുനിൽക്കും. 42-ലധികം പ്രഭാഷകരും വിദഗ്ധരും പ്രസിദ്ധീകരണ മേഖല അഭിമുഖീകരിക്കുന്ന സുപ്രധാന പ്രശ്‌നങ്ങളും വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്ന 4 മുഖ്യ പ്രഭാഷണങ്ങൾക്കും 31 റൗണ്ട് ടേബിളുകൾക്കും നേതൃത്വം നൽകും. രണ്ട്, മൂന്ന് ദിവസങ്ങളിൽ, പ്രസാധകർ തമ്മിലുള്ള മുഖാമുഖ സെഷനുകൾ, അവകാശങ്ങൾ വാങ്ങുന്നതും വിൽക്കുന്നതും, വിവർത്തന കരാറുകൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തും.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C