അബുദാബി : കരയിലെ കടലെന്ന് വിശേഷിപ്പിക്കാവുന്ന സീവേൾഡ് അബുദാബിയിൽ സന്ദർശകർക്ക് കൗതുകക്കാഴ്ചകൾ സമ്മാനിച്ച് ആറു വ്യത്യസ്തയിനം പെൻഗ്വിനുകൾ. പെൻഗ്വിനുകൾക്ക് അനുയോജ്യമായ കാലാവസ്ഥ ഒരുക്കുന്നതിനായി അന്തരീക്ഷ താപനില ഒരു ഡിഗ്രി സെൽഷ്യസിലും ജലത്തിന്റെ താപനില ഏഴ് ഡിഗ്രി സെൽഷ്യസിലുമാണ് സീവേൾഡ് അബുദാബിയിൽ ക്രമീകരിച്ചിരിക്കുന്നത്.
കിങ്, ജെന്റൂ, റോക്ക്ഹോപ്പർ, ചിൻസ്ട്രാപ്പ്, മക്കറോണി, അഡെലീ എന്നീ ഇനങ്ങളിൽപ്പെട്ട പെൻഗ്വിനുകളാണിവിടെയുള്ളത്. 1180 അടിയിലേറെ മുങ്ങിച്ചെന്ന് ഇരപിടിക്കാൻശേഷിയുള്ള വേട്ടക്കാരാണ് കിങ് പെൻഗ്വിനുകൾ. പ്രതിദിനം ഇവ 2,000 മത്സ്യങ്ങളെവരെ തിന്നുകയും ചെയ്യും. ലോകത്തിലെ മൂന്നാമത്തെ വലിയ പെൻഗ്വിനുകളാണ് ജെന്റൂ ഇനത്തിൽപ്പെട്ടവ.
വെള്ളത്തിനടിയിൽ ഏഴുമിനിറ്റുവരെ നിൽക്കാനും 655 അടി ആഴത്തിൽ മുങ്ങാനും കഴിവുണ്ട്. കൂട്ടത്തിൽ ഏറ്റവും ചെറുതാണ് റോക്ക്ഹോപ്പർ പെൻഗ്വിനുകൾ. കണ്ണുകൾക്ക് മുകളിലായുള്ള മഞ്ഞരോമങ്ങൾ റോക്ക്ഹോപ്പറുകളെ മറ്റിനങ്ങളിൽനിന്ന് വ്യത്യസ്തമാക്കുന്നു.
പേരുപോലെത്തന്നെ താടിയിലെ ഒരു കറുത്ത പട്ടയാണ് ചിൻസ്ട്രാപ്പ് പെൻഗ്വിനുകളുടെ പ്രത്യേകത. തലയിൽ മഞ്ഞ, കറുപ്പ് വർണങ്ങളിലുള്ള നേർത്ത തൂവലുകളാണ് മക്കറോണി പെൻഗ്വിനുകളെ വ്യത്യസ്തമാക്കുന്നത്. മണിക്കൂറിൽ ഒൻപത് മൈൽ ദൂരത്തിൽവരെ ഓടിയെത്താൻ കഴിവുള്ള അഡെലീ പെൻഗ്വിനുകൾക്ക് 575 അടി താഴ്ചയിൽ ചെന്നിറങ്ങി ഇരകളെ പിടിക്കാൻ സാധിക്കും.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C