ദോഹ: ചൈനയിലെ ഹാങ്‌ചോയിൽ നടക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ ബീച്ച് വോളിയിൽ ഖത്തറിന് സ്വർണം. ഷൂട്ടിങ് റേഞ്ചിൽനിന്ന് രണ്ടു ദിവസത്തിനിടെ മൂന്ന് മെഡലുകൾ സ്വന്തമാക്കിയതിനു പിന്നാലെയാണ് ഖത്തറിന് ആദ്യ സ്വർണമെത്തിയത്. ഖത്തറിന്റെ ഒളിംപിക് മെഡൽ ജേതാക്കളായ ഷെരീഫ് യൂനസ്-അഹമ്മദ് തിജാൻ സഖ്യമാണ് ആതിഥേയരായ ചൈനയെ തോൽപിച്ച് സ്വർണമണിഞ്ഞത്. സ്‌കോർ 2-0.
ഏഷ്യൻ ഗെയിംസിലെ ഖത്തറിന്റെ ഇത്തവണത്തെ ആദ്യ സ്വർണവും നാലാമത്തെ മെഡലുമാണിത്. ഇതുവരെ ഷൂട്ടിങ് മത്സരങ്ങളിൽ ഒരു വെള്ളിയും 2 വെങ്കലവുമാണ് ഖത്തർ നേടിയത്. സ്കീറ്റ് വ്യക്തിഗത ഇനത്തിൽ നാസർ അൽ അതിയ്യ വെങ്കലവും, ടീം ഇനത്തിൽ വെള്ളിയും നേടിയിരുന്നു. കഴിഞ്ഞ ദിവസം മിക്സഡ് ടീം ഇനത്തിൽ റീം അൽ ഷർസാനി, റാഷിദ് സാലിഹ് ഹമദ് എന്നിവർ വെങ്കലം നേടി. പുരുഷ ഹാൻഡ്ബാളിൽ പ്രാഥമിക റൗണ്ടിൽ ഗ്രൂപ് ജേതാക്കളായ ഖത്തർ ടീം മെയിൻ റൗണ്ടിൽ ജപ്പാൻ, ചൈന, കസാഖ്സ്താൻ ടീമുകൾക്കൊപ്പം മാറ്റുരക്കും. പ്രാഥമിക റൗണ്ടിൽ ദക്ഷിണ കൊറിയ, ഹോങ്കോങ് ടീമുകൾക്കെതിരെ അനായാസമായിരുന്നു ഖത്തറിന്റെ ജയം.
27 കായിക ഇനങ്ങളിലായി 180 അത്‌ലീറ്റുകളാണ് ഖത്തറിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്.
Related News
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C