ദുരിതാശ്വാസം നൽകാൻ ഗാസ ഇടനാഴി തുറക്കണം: അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി

ദോഹ: പലസ്തീൻ വിഷയത്തിൽ ഖത്തറിന്റെ നിലപാട് ആവർത്തിച്ച് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ജർമൻ സന്ദർശനം. സംഘർഷത്തിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കാനും ദുരിതാശ്വാസത്തിനും മാനുഷിക ശ്രമങ്ങൾക്കുമായി ഗാസയിലെ സുരക്ഷിത ഇടനാഴികൾ തുറക്കേണ്ടതിന്റെയും അക്രമം വ്യാപിക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചും അമീർ ചൂണ്ടിക്കാട്ടി.

ഔദ്യോഗിക സന്ദർശനത്തിനെത്തിയ അമീർ ജർമൻ ചാൻസലർ ഒലഫ് സ്‌കോൾസുമായി ബെർലിനിലെ ചാൻസലറി ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് പലസ്തീൻ വിഷയത്തിൽ നിലപാട് ആവർത്തിച്ചത്. സമ്പദ് വ്യവസ്ഥ, നിക്ഷേപം, ഊർജം തുടങ്ങിയ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തു. ജർമൻ വിദേശകാര്യ മന്ത്രി അന്നാലെന ബയർബോക്കുമായി നടത്തിയ കൂടിക്കാഴ്ചയിലും പലസ്തീൻ വിഷയമാണ് ചർച്ചയായത്.

ബെർലിനിലെ ബെല്ലെവ്യൂ പ്രസിഡൻഷ്യൽ പാലസിൽ പ്രസിഡന്റ് ഡോ. ഫ്രാങ്ക് വാൾട്ടർ സ്റ്റെയ്ൻമിയർ അമീറിനും സംഘത്തിനും ഊഷ്മള സ്വീകരണമാണ് നൽകിയത്. പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും വിവിധ മേഖലകളിലെ സഹകരണവും ചർച്ചയായി. പൊതു താൽപര്യമുള്ള മേഖലയിലെയും രാജ്യാന്തര തലത്തിലെയും വിഷയങ്ങളും ചർച്ച ചെയ്തു.

Related News

അമീറിന്റെ പ്രതിനിധി സംഘത്തിലെ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ബിൻ ജാസിം അൽതാനി, അമീരി ദിവാൻ മേധാവി ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്‌മാൻ അൽതാനി, ഊർജ സഹമന്ത്രി സാദ് ബിൻ ഷെരീദ അൽകാബി, വാണിജ്യ-വ്യവസായ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖ്വാസിം അൽതാനി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഖത്തർ– ജർമനിസഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് അമീറിന്റെ സന്ദർശനം.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *