ഖത്തർ എയർവേസ് സർവിസ് യാംബുവിൽനിന്ന് പുനരാരംഭിക്കുന്നു. സർവിസ് ഡിസംബർ ആറ് മുതലാണെന്ന് കമ്പനി അധികൃതർ അറിയിച്ചു. നേരത്തെ ഖത്തർ-സൗദി ബന്ധം മുറിഞ്ഞ കാലത്തായിരുന്നു സർവിസ് നിലച്ചത്. അതിന് തൊട്ടുമുമ്പായിരുന്നു യാംബുവിലേക്ക് സർവിസ് ആരംഭിച്ചത്. ഏതാനും സർവിസുകൾ മാത്രമേ നടത്തിയിരുന്നുള്ളൂ. അപ്പോഴേക്കും ബന്ധം നിലക്കുകയും സർവിസ് മുടങ്ങുകയും ചെയ്തു. യാംബുവിന് പുറമെ മറ്റു കേന്ദ്രങ്ങളിലേക്കും സർവിസ് ആരംഭിക്കും. ഈ മാസം 29ന് അൽ ഉലയിലേക്കും ഡിസംബർ 14ന് തബൂക്കിലേക്കും സർവിസ് ആരംഭിക്കും.
നിലവിൽ റിയാദ്, ജിദ്ദ, മദീന, ദമ്മാം, ഖസീം, താഇഫ് എന്നിവിടങ്ങളിലേക്കാണ് ഖത്തർ എയർവേസിന്റെ സർവിസുള്ളത്. പുതിയ സർവിസുകൾകൂടി വരുന്നതോടെ സൗദിയിലെ ഒമ്പത് നഗരങ്ങളുമായി ഖത്തർ എയർവേസിന് ബന്ധമാവും. സൗദിയിലെ രണ്ടാമത്തെ വ്യവസായ നഗരമായ യാംബുവിലേക്ക് ഖത്തർ സർവിസ് പുനരാരംഭിക്കുന്നത് മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകും. ആഴ്ചയിൽ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായി മൂന്നു സർവിസുകളാണ് യാംബുവിൽനിന്ന് ഉണ്ടാവുക.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C