ഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയെ പ്രഖ്യപിച്ചു. സമിതിയിൽ (സിഡബ്ല്യുസി) സ്ഥാനം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് എംപി ശശി തരൂർ. 39 അംഗ പ്രവർത്തക സമിതിയെയാണ് പ്രഖ്യപിച്ചിരിക്കുന്നത്. പ്രവർത്തക സമിതിയിൽ എകെ ആന്റണിയും സച്ചിൻ പൈലറ്റും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ഇടം നേടിയിട്ടുണ്ട്.
രമേശ് ചെന്നിത്തല, വീരപ്പ മൊയ്‌ലി, ഹരീഷ് റാവത്ത്, പി കെ ബൻസാൽ അടക്കം 18 പേരെ സ്ഥിരം ക്ഷണിതാക്കളാക്കി. കോടിക്കുന്നിൽ സുരേഷ് അടക്കം 9 പേരാണ് പ്രത്യേക ക്ഷണിതാക്കൾ. ദേശീയ രാഷ്ട്രീയത്തിൽ നിന്ന് ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചിട്ടും എകെ ആന്റണിയെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തി എന്നതാണ് ശ്രദ്ധേയം.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ ഞായറാഴ്ച സിഡബ്ല്യുസി പുനഃസംഘടിപ്പിച്ചു. കഴിഞ്ഞ വർഷം നടന്ന പാർട്ടി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഖാർഗെക്കെതിരെ ശശി തരൂർ മത്സരിച്ചിരുന്നു. പാർട്ടിയിലെ ഏറ്റവും ഉയർന്ന തലത്തിലുള്ള തീരുമാനമെടുക്കൽ സംവിധാനമാണ് സിഡബ്ല്യുസി എന്നാണ് അറിയുന്നത്.
മല്ലികാർജുന ഖാർഗെ, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി,പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര, ലോക്‌സഭയിലെ പാർട്ടി നേതാവ് അധീർ രഞ്ജൻ ചൗധരി, കമ്മ്യൂണിക്കേഷൻസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജയറാം രമേശ്, പി ചിദംബരം എന്നിവരെ സിഡബ്ല്യുസിയിലേക്ക് നിയമിച്ചു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C