നരഭോജി കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവിനെതിരെ ഹരജി; തള്ളി ഹൈക്കോടതി

വയനാട്: വയനാട്ടിലെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി ഹൈക്കോടതി പിഴയിട്ട് തള്ളി. പ്രശസ്‌തിക്ക് വേണ്ടിയാണ് ഹരജിക്കാർ ഹൈക്കോടതിയെ സമീപിച്ചതെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. വിലപ്പെട്ട മനുഷ്യജീവൻ നഷ്ടമായതെങ്ങനെ കുറച്ച് കാണാൻ കഴിയുമെന്നും ഹൈക്കോടതി ചോദിച്ചു.

25000 രൂപയാണ് ഹരജിക്കാരന് പിഴ ഒടുക്കേണ്ടത്. വയനാട്ടിൽ ആക്രമണം നടത്തിയത് ഏത് കടുവയാണെന്ന് തെളിഞ്ഞിട്ടില്ലെന്നും വെടിവെക്കാനുള്ള ഉത്തരവ് മാർഗനിർദേശങ്ങൾ പാലിക്കാതെയാണെന്നുമായിരുന്നു ഹരജിക്കാരൻ്റെ വാദം. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇറക്കിയ ഉത്തരവ് ചോദ്യം ചെയ്‌ത്‌ ആനിമൽസ് ആൻഡ് നാച്ചർ എത്തിക്‌സ് കമ്യൂണിറ്റി എന്ന സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്.

പൂതാടി മൂടക്കൊല്ലിയിൽ മരോട്ടിപ്പറമ്പിൽ പ്രജീഷ് (36) എന്ന ക്ഷീരകർഷകൻ സ്വകാര്യഭൂമിയിൽ പുല്ലരിയാൻ പോയപ്പോഴാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഈ കടുവയെ ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നത് ആശങ്ക ഉയർത്തുകയാണ്. വനംവകുപ്പ് പ്രദേശത്ത് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *