നിങ്ങളുടെ പാസ്പോര്‍ട്ടിന്റെ കാലാവധി കഴിയാറായാല്‍, പേജുകള്‍ തീരാറായെങ്കില്‍, പേരിലോ വിലാസത്തിലോ മാറ്റമുണ്ടെങ്കില്‍ പാസ്പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷ നല്കാന് സമയമായി. ഇന്ത്യയില്‍ പാസ്പോര്ട്ടുകള് പുതുക്കുന്നത് താരതമ്യേന എളുപ്പത്തിലായിട്ടുണ്ട്. പ്രത്യേകിച്ച് ഓണ്‍ലൈന്‍ പാസ്പോര്‍ട്ട് സേവാ സിസ്റ്റം നിലവില്‍ വന്നതിനു ശേഷം. എങ്കിലും കൃത്യമായ നടപടിക്രമങ്ങളും വേണ്ട രേഖകളും മനസിലാക്കുകയും സാധാരണ സംഭവിക്കുന്ന പിഴവുകള്‍ തിരിച്ചറിയുകയും ചെയ്താല്‍ പാസ്പോര്‍ട്ട് പുതുക്കുന്നത് താരതമ്യേന എളുപ്പമാവും *ഓണ്‍ലൈനില്‍ എങ്ങനെ പാസ്പോര്‍ട്ട് പുതുക്കാം എന്ന് ഘട്ടം ഘട്ടമായി നോക്കാം* ആദ്യം തന്നെ പാസ്പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യുക. പുതിയ യൂസറാണെങ്കില്‍ ന്യൂ യൂസര്‍ റജിസ്ട്രേഷനില്‍ ക്ലിക്കു ചെയ്ത ശേഷം ഇമെയില്‍ ഐഡിയും മറ്റു വ്യക്തിഗത വിവരങ്ങളും നല്‍കണം. ലോഗിന്‍ ചെയ്ത ശേഷം റീ ഇഷ്യൂ ഓഫ് പാസ്പോര്‍ട്ട് എന്ന ലിങ്കു വഴി അപ്ലൈ ഫോര്‍ ഫ്രഷ് പാസ്പോര്‍ട്ട്/ റീ ഇഷ്യൂ പാസ്പോര്‍ട്ട് എന്നതില്‍ ക്ലിക്കു ചെയ്യുക. ഇവിടെ പാസ്പോര്‍ട്ട് പുതുക്കേണ്ടി വരുന്നത് എന്തുകാരണം കൊണ്ടാണെന്ന് വിശദമാക്കേണ്ടി വരും. ആവശ്യമായ വിവരങ്ങള്‍ നല്കിയ ശേഷം പരിശോധിച്ച് സബ്മിറ്റ് ചെയ്യുക. ഓണ്‍ലൈനായി തന്നെ പാസ്പോര്‍ട്ട് പുതുക്കാനുള്ള ഫീസും നല്‍കാനാവും. പേ ആൻഡ് ഷെഡ്യൂള്‍ അപ്പോയിന്മെന്റിലാണ് ഇതില്‍ ക്ലിക്കു ചെയ്യേണ്ടത്. നിങ്ങള്‍ക്ക് അടുത്തുള്ള പാസ്പോര്‍ട്ട് സേവാ കേന്ദ്രമോ പോസ്റ്റ് ഓഫീസ് പിഎസ്കെയോ പ്രാദേശിക പാസ്പോര്‍ട്ട് ഓഫീസോ തിരഞ്ഞെടുക്കാം. ഡെബിറ്റ് കാര്‍ഡ് വഴിയോ യുപിഐ, നെറ്റ് ബാങ്കിങ് സൗകര്യം വഴിയോ പണം നല്‍കാനാവും. ഫീസ് അടച്ച ശേഷം നിങ്ങള്‍ക്ക് അനുയോജ്യമായ ദിവസവും സമയവും തിരഞ്ഞെടുക്കാം. അപ്പോയിന്മെന്റിന്റെ കണ്ഫര്മേഷന് രേഖ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ചെയ്തെടുക്കണം. *പൊലീസ് വെരിഫിക്കേഷന് ആർക്കൊക്കെ?*എല്ലാത്തരം പാസ്പോര്‍ട്ട് പുതുക്കലിനും പൊലീസ് വെരിഫിക്കേഷന് ആവശ്യമില്ല. മൂന്ന് വര്‍ഷത്തിന് മുമ്പ് കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ടോ നിലവിലെ വിലാസം മാറിയ കാര്യത്തിലോ പാസ്പോര്‍ട്ട് പുതുക്കലിന് പൊലീസിന്റെ സാക്ഷ്യപ്പെടുത്തല്‍ ആവശ്യമില്ല. ഇനി പൊലീസ് വെരിഫിക്കേഷന് ആവശ്യമാണെങ്കില്‍ തന്നെ നിങ്ങളുടെ വിലാസം ഉള്‍പ്പെടുന്ന പൊലീസ് സ്റ്റേഷനില്‍ നിന്നും ഉദ്യോഗസ്ഥര്‍ എത്തി നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും *അപേക്ഷയുടെ സ്റ്റാറ്റസ് ഓണ്‍ലൈനായി പരിശോധിക്കാം*നിങ്ങളുടെ പാസ്പോര്‍ട്ട് പുതുക്കുന്നതിനുള്ള അപേക്ഷയുടെ സ്റ്റാറ്റസ് ഓണ്‍ലൈനായി പരിശോധിക്കാനും സാധിക്കും. പാസ്പോര്‍ട്ട് സേവ പോര്‍ട്ടലില്‍ സര്‍വീസസ് എന്ന ടാബിന് അടിയിലാണ് ഇക്കാര്യം നോക്കാനാവുക. നിങ്ങളുടെ അപ്ലിക്കേഷന്‍ നമ്പര്‍ ഇതിനായി നല്‍കേണ്ടതുണ്ട്. അപേക്ഷയിന്മേലുള്ള നടപടികളുടെ തല്‍സമയ വിവരങ്ങള്‍ നിങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ അറിയാനാവും. •എന്തൊക്കെ രേഖകള്‍ വേണം?പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിലേക്കുപോവുമ്പോള് കൂടെ കരുതേണ്ട രേഖകളുടെ പട്ടിക കൂടി നോക്കാം. ഇവയുടെയെല്ലാം സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കരുതണം. • പഴയ പാസ്പോര്‍ട്ട്- പഴയ പാസ്പോര്‍ട്ടിന്റെ ആദ്യത്തേയും അവസാനത്തെ രണ്ടു പേജുകളുടേയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്. ഇസിആര്‍(എമിഗ്രേഷന്‍ ചെക്ക് റിക്വയേഡ്) അല്ലെങ്കില്‍ നോണ്‍ ഇസിആര്‍ പേജിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്. •വിലാസം തെളിയിക്കുന്ന രേഖ- ആധാര്‍, വോട്ടര്‍ ഐഡി, വൈദ്യുതി/വെള്ളം/ഫോണ്‍ ബില്‍(അവസാന 12 മാസത്തിനുള്ളിലുള്ളത്), ബാങ്ക് പാസ്ബുക്ക്/ബാങ്ക് സ്റ്റേറ്റ്മെന്റ്, വാടക കരാര്‍ എന്നിവയില്‍ ഏതെങ്കിലും വിലാസം തെളിയിക്കാനുള്ള രേഖയായി കരുതാവുന്നതാണ്.•ജന്മദിനം തെളിയിക്കുന്ന രേഖ- ജനന സര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, പാന്‍കാര്‍ഡ്, ആധാര്‍ എന്നിവയില്‍ ഏതെങ്കിലും ഉപയോഗിക്കാനാവും. *∙ എത്ര ചെലവ്? *പാസ്പോര്‍ട്ട് സേവാ പോര്‍ട്ടലിലെ ഫീ കാല്കുലേറ്റര് ഉപയോഗിച്ച് നിങ്ങള്‍ക്കു തന്നെ പാസ്പോര്‍ട്ട് പുതുക്കുന്നതിനുള്ള ചെലവുകള്‍ പരിശോധിക്കാനാവും. ഏകദേശ ചെലവുകള്‍ താഴെ കൊടുക്കുന്നു. മുതിര്‍ന്നവര്‍(18+)- 36 പേജ് ബുക്ക്ലെറ്റിന് 1,500 രൂപ. തത്കാല്‍ പാസ്പോര്‍ട്ടിന്(36 പേജ്) 3,500 രൂപ. 60 പേജ് ബുക്ക്ലെറ്റിന് 2,000 രൂപ. 60 പേജ് തത്കാല്‍ പാസ്പോര്‍ട്ടിന് 4,000 രൂപ. പ്രായപൂര്‍ത്തിയാവാത്തവര്‍- 36 പേജ് ബുക്ക്ലെറ്റിന് 1,000 രൂപ. തത്കാല്‍ പാസ്പോര്‍ട്ടിന് 3,000 രൂപ. *∙ ആര്‍ക്കൊക്കെ അപേക്ഷിക്കാം?*ഇന്ത്യന്‍ പൗരനായ ആര്‍ക്കും പാസ്പോര്‍ട്ടിന് അപേക്ഷിക്കാം. അപേക്ഷകരുടെ പേരില്‍ അറസ്റ്റ് വാറണ്ടുകളോ പൂര്‍ത്തിയാവാത്ത ക്രിമിനല്‍ നടപടിക്രമങ്ങളോ ഉണ്ടാവാന്‍ പാടില്ല. പ്രായപൂര്‍ത്തിയാവാത്തവരുടെ കാര്യത്തില്‍ രക്ഷാകര്‍ത്താക്കളുടെ അനുമതിപത്രം ആവശ്യമാണ്. തത്കാല്‍ അപേക്ഷകളില്‍ ആവശ്യമെങ്കില്‍ അധിക രേഖകള്‍ ഹാജരാക്കേണ്ടി വരും. *∙ സാധാരണ സംഭവിക്കുന്ന പിഴവുകള്‍*പാസ്പോര്‍ട്ട് പുതുക്കുമ്പോള്‍ സാധാരണയായി പല പിഴവുകളും സംഭവിക്കാറുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പേര്, ജന്മദിനം, വിലാസം എന്നിവയിലുണ്ടാവുന്ന തെറ്റുകളാണ്. ഇസിഎന്‍ആര്‍/പത്താംക്ലാസ് മാര്‍ക്ക് ഷീറ്റുകള്‍ വയ്ക്കാത്തതാണ് മറ്റൊരു തെറ്റ്. തെളിച്ചമില്ലാത്ത പകര്‍പ്പുകള്‍ അപേക്ഷയ്ക്കൊപ്പം നല്‍കുന്നതും സ്ഥിരമായി കണ്ടു വരുന്ന തെറ്റുകളിലൊന്നാണ്. അപ്പോയിന്മെന്റുകള് മൂന്നിലേറെ തവണ റദ്ദാക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്യുന്നതും ഒഴിവാക്കണം. വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാതിരിക്കുന്നതും സാധാരണ പാസ്പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷകളില്‍ സംഭവിക്കുന്ന പിഴവാണ്. •പാസ്പോര്‍ട്ട് പുതുക്കുമ്പോള്‍ സാധാരണ ഉണ്ടാവുന്ന സംശയങ്ങള്‍ •എപ്പോഴാണ് അപേക്ഷിക്കേണ്ടത്? പാസ്പോര്‍ട്ട് കാലാവധി പൂര്‍ത്തിയാവുന്നതിനും ഒരു വര്‍ഷം മുൻപു തന്നെ പുതുക്കാന്‍ അപേക്ഷിക്കാവുന്നതാണ്. ഇത് അനാവാശ്യ കാലതാമസങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. •വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണോ? എല്ലാ സാഹചര്യങ്ങളിലും നിര്‍ബന്ധമാവില്ല. അതേസമയം ജീവിത പങ്കാളിയുടെ പേര് ആദ്യമായി പാസ്പോര്ട്ടില് ചേര്‍ക്കുമ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണ്ടി വരും. ∙ പൊലീസ് വെരിഫിക്കേഷന് എത്ര സമയം? പൊതുവില്‍ ഒരാഴ്ച്ച വരെവിവാഹ ശേഷം പാസ്പോര്‍ട്ടിലെ പേരു മാറ്റാന്‍ എന്തൊക്കെ രേഖകള്‍ ഹാജരാക്കേണ്ടി വരും? വിവാഹ സര്‍ട്ടിഫിക്കറ്റ്/ അനെക്സര്‍ ജെ, നിലവിലെ പാസ്പോര്‍ട്ട്, പുതിയ വിലാസത്തിന്റെ രേഖ, പാന്‍കാര്‍ഡ്/ ആധാര്‍.
