സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ പരാതി നൽകാൻ പുതിയ പ്ലാറ്റ്‌ഫോം

ദുബായ്: സാമ്പത്തിക കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങൾക്കായി ദുബായിൽ പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് ധനസഹായം, കൈക്കൂലി, വ്യാജരേഖ ചമയ്ക്കൽ, തട്ടിപ്പ് എന്നിവ ഉൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ, കോർപറേറ്റ്, സാമ്പത്തിക മേഖലകളിലെ അവിഹിത പ്രവർത്തനങ്ങൾ, കസ്റ്റംസ് വെട്ടിപ്പ്, ബൗദ്ധിക സ്വത്തവകാശത്തിലെയും വ്യാപാരമുദ്രയിലെയും കുറ്റകൃത്യങ്ങൾ തുടങ്ങിയവ വ്യക്തമായ തെളിവോടെ റിപ്പോർട്ട് ചെയ്യാം.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ സംരക്ഷിക്കുന്നതിന് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തും. എമിറേറ്റിന്റെയും സ്ഥാപനങ്ങളുടെയും വളർച്ചയ്ക്കും വികസനത്തിനുമുള്ള എല്ലാ തടസ്സങ്ങളും ഇല്ലാതാക്കും. വിവിധ മേഖലകളിലെ കുറ്റകൃത്യങ്ങൾ പുറത്തുകൊണ്ടുവരാൻ സമൂഹത്തിന്റെ ഇടപെടൽ വർധിപ്പിക്കും. ആഗോള ബിസിനസ്, സാമ്പത്തിക കേന്ദ്രമെന്ന നിലയ്ക്ക് രാജ്യാന്തര നിലവാരമുള്ള സാമ്പത്തിക സുരക്ഷ ഒരുക്കുകയാണ് ലക്ഷ്യമെന്നും പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്ത് ദുബായ് ബോർഡർ സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

പൊതുജനങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച് രഹസ്യ അന്വേഷണം നടത്തിവരുന്ന അൽഅമീൻ ഫോറത്തിലാണ് കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനും അവസരമൊരുക്കിയത്.

Related News

ദേശീയ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിൽ പൊതുജനങ്ങളുടെ ഇടപെടലിന്റെ പ്രാധാന്യമാണ് ഇത് എടുത്തുകാട്ടുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാൻ ജൂലൈയിൽ പ്രത്യേക പ്രോസിക്യൂഷൻ ഓഫിസുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ടെന്നും സൂചിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദത്തിന് ധനസഹായം നൽകുന്നതിനും എതിരായ കേസുകളിൽ ഈ വർഷം ആദ്യ പാദത്തിൽ 11.5 കോടി ദിർഹമാണ് പിഴ ചുമത്തിയത്.

വെബ്സൈറ്റ്: https://alameen.gov.ae
ഫോൺ: 800 4444

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *