രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നാക്കാൻ കേന്ദ്ര സർക്കാർ നീക്കം

indian-flag

ന്യൂഡൽഹി : രാഷ്ട്രപതിയുടെ ക്ഷണക്കത്തിലും പ്രധാനമന്ത്രിയുടെ യാത്രാക്കുറിപ്പിലും ‘ഭാരത്’ എന്നു മാറ്റി. ജി20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രനേതാക്കൾക്കു രാഷ്ട്രപതി നൽകുന്ന വിരുന്നിനുള്ള ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു പ്രയോഗിച്ചത് ‘ഇന്ത്യ’ ഒഴിവാക്കി രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നു മാത്രമാക്കാൻ കേന്ദ്ര സർക്കാർ നീക്കത്തിന്റെ സൂചനയായി. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്തൊനീഷ്യ യാത്ര സംബന്ധിച്ചു വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിലും ‘പ്രൈംമിനിസ്റ്റർ ഓഫ് ഭാരത്’ എന്നാക്കി.

ഇന്ത്യ എന്ന് ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് ഭാരത് എന്നു പ്രയോഗിച്ചു തുടങ്ങണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം അസമിൽവച്ച് ആഹ്വാനം ചെയ്തു. അതിനു പിന്നാലെയാണ് ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന പ്രയോഗമുള്ള ക്ഷണക്കത്ത് പുറത്തുവന്നത്. തനിക്കു ലഭിച്ച ക്ഷണക്കത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ സമൂഹമാധ്യമത്തിലൂടെ പരസ്യപ്പെടുത്തി. ഭാരത് എന്നു മാത്രമാക്കുന്നതിനെ അനുകൂലിച്ച് വിഎച്ച്പി ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകളും രംഗത്തെത്തി.

തങ്ങളുടെ മുന്നണിക്ക് ‘ഇന്ത്യ’യെന്നു പേരിട്ടതോടെ വിറളി പിടിച്ചാണു രാജ്യത്തിന്റെ പേരിൽനിന്ന് ‘ഇന്ത്യ’ ഒഴിവാക്കുന്നതെന്നു പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’യുടെ നേതാക്കൾ ആരോപിച്ചു. രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നു മാത്രമാക്കണമെന്ന പൊതുതാൽപര്യ ഹർജി 2016 ലും 2020 ലും സുപ്രീം കോടതി തള്ളിയിരുന്നു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *