ബ്രിക്സ് അംഗരാജ്യങ്ങൾ കൂടി; ഇറാൻ, സൗദി, യുഎഇ ഉൾപ്പെടെ 6 പുതിയ അംഗങ്ങൾ

ജൊഹാനസ്ബർഗ്: ഇറാനും സൗദി അറേബ്യയും ഉൾപ്പെടെ 6 രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി ബ്രിക്സ് വിപുലപ്പെടുത്താൻ തീരുമാനമായി. അടുത്ത ജനുവരി ഒന്നിന് ഇവരുടെ അംഗത്വം പ്രാബല്യത്തിൽ വരും. അർജന്റീന, ഈജിപ്ത്, ഇത്യോപ്യ, യുഎഇ എന്നിവയാണ് മറ്റു രാജ്യങ്ങൾ. അംഗരാജ്യങ്ങൾക്കിടയിൽ ധാരണയായതായും കൂട്ടായ്മയുടെ ഇപ്പോഴത്തെ തലവൻ ദക്ഷിണാഫ്രിക്ക പ്രസിഡന്റ് സിറിൽ റാമഫോസ അറിയിച്ചു.

2006 ൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ ചേർന്നാണ് ബ്രിക് രൂപീകരിച്ചത്. 2010 ൽ ദക്ഷിണാഫ്രിക്കയെ ഉൾപ്പെടുത്തി ബ്രിക്സായി. നിലവിൽ ലോകജനസംഖ്യയുടെ 41 ശതമാനത്തെ പ്രതിനിധീകരിക്കുന്ന കൂട്ടായ്മയാണ് ബ്രിക്സ്. ആഗോള ജിഡിപിയുടെ 24 ശതമാനവും വ്യാപാരത്തിന്റെ 16 ശതമാനവും ബ്രിക്സ് രാജ്യങ്ങളുടേതാണ്. കൂടുതൽ രാജ്യങ്ങളെ ചേർത്ത് സംഘടനയെ പുതിയ ലോകക്രമത്തിലെ നിർണായക ശക്തിയാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായ ഐക്യം ഉണ്ടാക്കി ബ്രിക്സ് വിപുലപ്പെടുത്തണമെന്നും ആധുനീകരിക്കണമെന്നും ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിലെ പ്രസംഗത്തിൽ ആഹ്വാനം ചെയ്തിരുന്നു. ബ്രിക്സിനെ ശക്തിപ്പെടുത്താനും ലോകസമാധാനത്തിലും വികസനത്തിലും നിർണായകശക്തിയാക്കാനും ഇപ്പോഴത്തെ വികസനം സഹായിക്കുമെന്ന് ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ് പറഞ്ഞു. ആഗോള ശാക്തിക ചേരിയിൽ യുഎസിനു ബദലായി ചൈനയ്ക്ക് അധീശത്വമുള്ള ശക്തിയായി ബ്രിക്സ് മാറുന്നതിന്റെ സൂചന കൂടിയാണിത്.

Related News

സമാധാനപരമായ ചർച്ചകളിലൂടെ സംഘർഷങ്ങൾക്കു പരിഹാരം കണ്ട് എല്ലാ രാജ്യങ്ങൾക്കും വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും അവസരമൊരുക്കാൻ ബ്രിക്സ് മുൻകൈയെടുക്കുമെന്ന് റാമഫോസ പറഞ്ഞു. ആഗോളവൽക്കരണത്തിന്റെ വാഗ്ദാനങ്ങൾ പലതും പരാജയപ്പെട്ടെന്നും വികസ്വര രാജ്യങ്ങൾ സഹകരണം മെച്ചപ്പെടുത്തി വളർച്ചയുടെ പുതുവഴികൾ തേടണമെന്നും ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *