കൊച്ചി: കൊച്ചി കളമശ്ശേരിയിൽ യഹോവാ സാക്ഷികളുടെ കൺവൻഷന് ഇടയിലുണ്ടായ സ്ഫോടനത്തിന്റെ ഞെട്ടലിലാണ് കേരളം. കൊടകര സ്റ്റേഷനിൽ കീഴടങ്ങിയ ഡൊമിനിക് മാർട്ടിനാണ് സ്ഫോടനം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇംപ്രൊവൈസ്ഡ് എക്സ്പ്ലൊസീവ് ഡിവൈസ് (ഐഇഡി) എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ബോംബുപയോഗിച്ചാണ് മാർട്ടിൻ സ്ഫോടനം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കളമശേരിയിൽ ‘യഹോവയുടെ സാക്ഷികൾ’ സഭാവിഭാഗത്തിന്റെ കൺവൻഷൻ വേദിയിലുണ്ടായ സ്ഫോടനങ്ങളിൽ മരണം മൂന്നായി. പെരുമ്പാവൂർ കുറുപ്പുംപടി ഇരിങ്ങോൾ വട്ടോളിപ്പടി പരേതനായ പുളിക്കൽ പൗലോസിന്റെ ഭാര്യ ലെയോണ(55), തൊടുപുഴ കാളിയാർ കുളത്തിങ്കൽ വീട്ടിൽ കുമാരി പുഷ്പൻ (53) , മലയാറ്റൂർ കടുവൻകുഴി വീട്ടിൽ പ്രദീപന്റെ മകൾ ലിബിന(12) എന്നിവരാണു മരിച്ചത്. 52 പേർക്കു പരുക്കേറ്റു.
കളമശ്ശേരിയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്ത മാർട്ടിൻ ഡൊമിനിക്കിനെ വിശദമായി പോലീസ് ചോദ്യം ചെയ്തു. ഇയാൾ ബോംബ് നിർമ്മിച്ചത് യൂട്യൂബ് നോക്കിയാണ് എന്ന് മൊഴി നൽകിയതായാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ ഇയാളുടെ യൂട്യൂബ് ഹിസ്റ്ററി അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ നിരന്തരം ഇടപെട്ടിരുന്ന വ്യക്തി ആയതുകൊണ്ട് തന്നെ ഇയാളുടെ സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളെക്കുറിച്ചും പോലീസ് പരിശോധിക്കുന്നുണ്ട്.
നാലിടത്തായി ബോംബ് സ്ഥാപിച്ചുവെന്നും സ്ഫോടന ദൃശ്യങ്ങൾ പിൻനിരയിലിരുന്ന് മൊബൈലിൽ ചിത്രീകരിച്ചെന്നും ഇയാൾ പറയുന്നു. പുലർച്ചെ അഞ്ച് മണിക്കാണ് ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങുന്നത്. രണ്ട് ബാഗുകളിലായിട്ടായിരുന്നു ബോംബുകൾ. ബൈക്കിലായിരുന്നു യാത്ര. കൺവെൻഷൻ സെന്ററിൽ എത്തിച്ച ബോംബ് നാലിടത്തായി സ്ഥാപിച്ചുവെന്നാണ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്.
വിശ്വാസികൾ എല്ലാവരും പ്രാർഥനയിലായിരിക്കുമ്പോൾ ഇയാൾ പിൻനിരയിൽ നിന്ന് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നു. മാത്രമല്ല, സംഭവസ്ഥലത്തെ പൊട്ടിത്തെറി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുക കൂടി ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഡൊമിനിക് മാർട്ടിൻ ഹാജരാക്കിയ ഓരോ തെളിവുകളും പോലീസ് കൃത്യമായി പരിശോധിക്കുന്നുണ്ട്. പലകടകളിൽ നിന്നായിട്ടാണ് സ്ഫോടവസ്തുക്കൾ അടക്കം വാങ്ങിയിട്ടുള്ളത്. ഇവയുടെ എല്ലാ ബില്ലുകളും പോലീസിന് ഡൊമിനിക് നൽകിയതായാണ് വിവരം.
കൃത്യം താൻ ഒറ്റക്ക് തന്നെ ചെയ്തു എന്നാണ് മാർട്ടിൻ പോലീസിന് നൽകിയ മൊഴി. എന്നാൽ ആദ്യഘട്ടത്തിൽ പോലീസ് ഇത് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. എല്ലാവശങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇയാൾക്കൊപ്പം വേറെ ആരെങ്കിലും സ്ഥലത്ത് എത്തിയോ, മറ്റാരുടേയെങ്കിലും സഹായം ലഭിച്ചോ എന്ന വിവരങ്ങളൊന്നും തന്നെ ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. പോലീസ് ഈ വശങ്ങളും പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലിൽ ഒട്ടനവധി വിവരങ്ങൾ ലഭിച്ചതായാണ് വിവരം.
ബോംബ് നിർമ്മാണത്തിനാവശ്യമായ ബാറ്ററി, സാമഗ്രികൾ, പെട്രോൾ അടക്കം വാങ്ങിയത് കൊച്ചിയിൽ നിന്ന് തന്നെയാണെന്നാണ് ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമായിരിക്കുന്നത്. എറണാകുളത്തെ പമ്പിൽ നിന്നാണ് പെട്രോൾ വാങ്ങിയത്. ബോംബ് നിർമ്മാണം വീട്ടിൽ വെച്ച് തന്നെ ആയിരുന്നു. ബോംബ് പൊട്ടിയതിന് ശേഷം ഇയാൾ ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C