ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ത്വരിതഗതിയിലാക്കാൻ ഒരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ത്വരിതഗതിയിലാക്കാൻ ഒരുങ്ങി ആഭ്യന്തര മന്ത്രാലയം. വിദേശത്തു നിന്ന് രാജ്യത്തേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള തടസങ്ങൾ നീക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.

ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ-ഖാലിദാണ് ഇത് സംബന്ധമായി വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അൽ-അബ്‌ദുല്ലയ്ക്ക് കത്തയച്ചത്. കുവൈത്ത് സർക്കാർ അംഗീകൃത സ്ഥാപനമായ അൽ-ദുറ കമ്പനി വിവിധ രാജ്യങ്ങളിൽ നേരിടുന്ന റിക്രൂട്ട്മെന്റ് പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് സഹായം അഭ്യർഥിച്ചത്.

റിക്രൂട്ട്മെന്റ് നടപടികൾ എളുപ്പവും സുതാര്യവുമാക്കുന്നതിൻ്റെ ഭാഗമായി അതാത് രാജ്യങ്ങളിലെ അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കാനും അൽ- ദുറ കമ്പനിക്ക് ആഭ്യന്തര മന്ത്രി നിർദേശം നൽകി. അതിനിടെ ആഭ്യന്തര മന്ത്രാലയം, മാൻപവർ പബ്ലിക് അതോറിറ്റി, വാണിജ്യ മന്ത്രാലയം എന്നിവരടങ്ങുന്ന ത്രികക്ഷി സമിതിയുടെ നേതൃത്വത്തിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫിസുകളിൽ പരിശോധന തുടർന്നു.

ഫർവാനിയ, ജലീബ് അൽ ഷുയൂഖ് എന്നീ പ്രദേശങ്ങളിൽ നടന്ന പരിശോധനയിൽ ഗാർഹിക തൊഴിലാളി നിയമവും വാണിജ്യ മന്ത്രാലയത്തിൻ്റെ തീരുമാനവും ലംഘിച്ച നിരവധി ഓഫീസുകൾ കണ്ടെത്തി. ഇവയ്ക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നാല് ദിവസമായി നടക്കുന്ന പരിശോധയിൽ ഇതുവരെയായി 78 ലധികം റിക്രൂട്ട്മെൻ്റ് ഓഫിസുകളാണ് അടച്ചുപൂട്ടിയത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *