സ്പീക്കര്‍ക്കെതിരെ കൈയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലെന്ന് പി ജയരാജന്‍:

തലശേരി: സംസ്ഥാനത്തിന്റെ നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരെ കൈ ഓങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍. സേവ് മണിപ്പൂരെന്ന മുദ്രാവാക്യമുയര്‍ത്തി എല്‍ഡിഎഫ് തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ നടന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തതിന് ശേഷം പ്രകോപനപരമായ രീതിയില്‍ ജയരാജന്‍ സംസാരിച്ചത്. ജനപ്രതിനിധിയായ ഷംസീറിനെ ഒറ്റപ്പെടുത്തിക്കളയാമെന്ന വ്യാമോഹം വേണ്ടെന്നും ജയരാജന്‍ പറഞ്ഞു.


ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. ഭരണഘടനാ പദവിയുള്ള അദ്ദേഹത്തിന്റെ കടമ ശാസ്ത്രബോധത്തെ ഉയര്‍ത്തി പിടിക്കുകയെന്നതാണ്. അദ്ദേഹത്തിന് എതിരെ വരുന്ന ഏതു നീക്കത്തെയും ജനത്തെ അണിനിരത്തി പ്രതിരോധിക്കുമെന്ന് ജയരാജന്‍ പറഞ്ഞു. ഹൈന്ദവ ദൈവമായ ഗണപതിയെ അപമാനിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം നഗരസഭ സ്റ്റേഡിയത്തിന് സമീപമുള്ള എഎന്‍ ഷംസീറിന്റെ എംഎല്‍എ ക്യാംപ് ഓഫിസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗണേഷിന്റെ വെല്ലുവിളി പ്രസംഗത്തിനുള്ള മറുപടിയാണ് ജയരാജന്റെ മുന്നറിയിപ്പ്. ഗണപതിയെ അപമാനിച്ചതില്‍ മാപ്പു പറയാന്‍ തയാറായില്ലെങ്കില്‍ ഷംസീറിനെ തെരുവില്‍ നേരിടുമെന്നായിരുന്നു ഗണേഷ് പറഞ്ഞത്. കോളേജ് അധ്യാപകന്‍ ജോസഫിന്റെ കൈ പോയതുപോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിനെന്നും എല്ലാകാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളണമെന്ന് കരുതരുതെന്നും കെ ഗണേഷ് മുന്നറിയിച്ചു നല്‍കിയിരുന്നു.

ഇതിനു മറുപടിയായാണ് പി.ജയരാജന്റെ വിവാദപ്രസംഗം. വടക്കന്‍ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ വിമോചന അജന്‍ഡയാണ് ആര്‍എസ്എസ് നടപ്പിലാക്കുന്നത്. അതാണ് ബിജെപി നേതൃത്വത്തിന്റെ അറിവോടെ മണിപ്പൂരില്‍ നടക്കുന്നതെന്നും ജയരാജന്‍ ആരോപിച്ചു. പരിപാടിയില്‍ കെ സുരേശന്‍ അധ്യക്ഷനായി. കാരായി രാജന്‍, സിപി ഷൈജന്‍, എംസി പവിത്രന്‍, സികെ രമേശന്‍, വര്‍ക്കി വട്ടപ്പാറ എന്നിവര്‍ സംസാരിച്ചു. നേരത്തെ സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരെ യുവമോര്‍ച്ചയും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തു വന്ന പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി എംവി ജയരാജനും പിന്തുണയുമായി രംഗത്തുവന്നിരുന്നു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *