സിനിമാ നിര്‍മാതാവും വ്യവസായിയുമായ പി.വി. ​ഗം​ഗാധരൻ അന്തരിച്ചു

Film producer and businessman P.V. Gangadharan passed away

കോഴിക്കോട്: പ്രമുഖ സിനിമാ നിര്‍മാതാവും വ്യവസായിയുമായ പി.വി. ഗംഗാധരന്‍ (80) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 7.23-ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. മലയാള സിനിമയുടെ ചരിത്രത്തിൽ ഇടംപിടിച്ച, ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി ചിത്രങ്ങൾ നിർമിച്ച ​ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ അമരക്കാരനായിരുന്നു അദ്ദേഹം.

സിനിമയിലേയും രാഷ്ട്രീയത്തിലേയും നിറസാന്നിധ്യമായിരുന്നു ഏവരും സ്‌നേഹപൂര്‍വ്വം പി.വി.ജി എന്ന്‌ വിളിച്ചിരുന്ന പി.വി ഗംഗാധരന്‍. ജനപ്രിയ സിനിമകളിലൂടെ ഇന്നത്തെ മുതിര്‍ന്ന താരങ്ങളുടേയും സംവിധായകരുടേയും തുടക്കകാലത്ത് ഹിറ്റുകള്‍ സമ്മാനിച്ച ബാനറായിരുന്നു ഗൃഹലക്ഷ്മി ഫിലിംസ്. 1977-ൽ സുജാത എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് അദ്ദേഹം ചലച്ചിത്രനിർമാണരം​ഗത്തേക്കെത്തിയത്.

​ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹം നിർമിച്ച കാണാക്കിനാവ് എന്ന ചിത്രത്തിന് 1997-ൽ മികച്ച ദേശീയോ​ദ്​ഗ്രഥന ചിത്രത്തിനുള്ള നർ​ഗീസ് ദത്ത് പുരസ്കാരവും 2000-ൽ ശാന്തം എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ഒരു വടക്കൻ വീര​ഗാഥ , കാണാക്കിനാവ്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അച്ചുവിന്റെ അമ്മ, നോട്ട്ബുക്ക് എന്നീ ചിത്രങ്ങൾ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സ്വന്തമാക്കി. വാർത്ത (1986). ഒരു വടക്കൻ വീര​ഗാഥ (1989), തൂവൽ കൊട്ടാരം (1996), വീണ്ടും ചില വീട്ടുകാര്യങ്ങൾ (1999), അച്ചുവിന്റെ അമ്മ (2005), നോട്ട്ബുക്ക് (2006) എന്നിവ മികച്ച ചിത്രങ്ങൾക്കുള്ള സൗത്ത് ഫിലിം ഫെയർ പുരസ്കാരങ്ങൾ നേടി.

പൊതുദര്‍ശനം ആഴ്ചവട്ടത്തെ വീട്ടില്‍ ഉച്ചയ്ക്ക് രണ്ടുവരെയും തുടര്‍ന്ന് രണ്ട് മണിമുതല്‍ കെ.ടി.സി ഓഫീസിലും വൈകീട്ട് അഞ്ച് മുതല്‍ ടൗണ്‍ഹാളിലും നടക്കും. രാത്രി ഒന്‍പത് വരെയാണ് ടൗണ്‍ഹാളിലെ പൊതുദര്‍ശനം. സംസ്ക്കാരം ശനിയാഴ്ച വൈകിട്ട് ആറിന് ആഴ്ചവട്ടത്തെ വീട്ടുവളപ്പിൽ.

പ്രമുഖവ്യവസായിയും സ്വാതന്ത്ര്യസമരസേനാനിയുമായ പരേതരായ പി.വി. സാമിയുടെയും മാധവിസാമിയുടെയും മകനായി 1943-ൽ കോഴിക്കോടായിരുന്നു ജനനം. പി.വി. ഷെറിൻ ആണ് ഭാര്യ. ചലച്ചിത്ര നിർമാണക്കമ്പനി എസ് ക്യൂബിന്റെ സാരഥികളായ ഷെനു​ഗ, ഷെ​ഗ്ന, ഷെർ​ഗ എന്നിവർ മക്കളാണ്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *