രഞ്ജി ട്രോഫി: ഉത്തര്‍പ്രദേശിനെ കറക്കി വീഴ്ത്തി കേരളം; ജലജ് സക്സേനക്ക് 5 വിക്കറ്റ്

തിരുവവന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനെ കറക്കി വീഴ്ത്തി കേരളം. ടോസ് നഷ്ടമായി ആദ്യ ദിനം ക്രീസിലിറങ്ങിയ ഉത്തര്‍പ്രദേശ് 162 റണ്‍സിന് ഓള്‍ ഔട്ടായി.പത്താമനായി ഇറങ്ങി 30 റണ്‍സെടുത്ത ശിവം ശര്‍മയാണ് ഉത്തര്‍പ്രദേശിന്‍റെ ടോപ് സ്കോറര്‍. നിതീഷ് റാണ 25 റണ്‍സെടുത്തു. 129-9 എന്ന നിലയില്‍ തകര്‍ന്ന ഉത്തര്‍പ്രദേശിനെ ശിവം ശര്‍മയും ആക്വിബ് ഖാനും തമ്മിലുള്ള 33 റണ്‍സിന്‍റെ അവസാന വിക്കറ്റ് കൂട്ടുകെട്ടാണ് 150 കടത്തിയത്. കേരളത്തിനായി ജലജ് സക്സേന 51 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു.ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഉത്തര്‍പ്രദേശിന് ക്യാപ്റ്റൻ ആര്യൻ ജുയാലും മാധവ് കൗശിക്കും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. കരുതലോടെ കളിച്ച ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 17.3 ഓവറില്‍ 29 റണ്‍സടിച്ചു. അരുണ്‍ ജുയാലിനെ(23) ബൗള്‍ഡാക്കി ജലജ് സക്സേനയാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ട് പിന്നാലെ പ്രിയം ഗാര്‍ഗിനെ(1) കെ എം ആസിഫ് വീഴ്ത്തി. ഇതോടെ 30-2ലേക്ക് വീണ ഉത്തര്‍പ്രദേശിനെ മാധവ് കൗശിക്കും നീതീഷ് റാണയും ചേര്‍ന്ന് 50 കടത്തി. പിന്നാലെ മാധവ് കൗശിക്കിനെ(13) ജലജ് സക്സേന മുഹമ്മദ് അസറുദ്ദീന്‍റെ കൈകളിലെത്തിച്ചു. പിന്നീടെത്തിയ ഐപിഎല്‍ താരം സമീര്‍ റിസ്‌വിയെ(1) ബേസില്‍ തമ്പി സ്വന്തം ബൗളിംഗില്‍ പിടികൂടിയതോടെ ഉത്തര്‍പ്രദേശ് 58-4ലേക്ക് വീണു.

Leave a Reply

Your email address will not be published. Required fields are marked *