വാഷിങ്ടൻ : ഗാസയ്ക്കെതിരെ ഇസ്രയേലിന്റെ കരയുദ്ധം ആസന്നമെന്നു സൂചന. ഇസ്രയേൽ മന്ത്രിസഭ അടിയന്തരയോഗം ചേർന്നു. യുഎസ് പടക്കപ്പലുകളും ഗാസ അതിർത്തിയിലെത്തിയതോടെ നാവിക ആക്രമണത്തിനും സാധ്യതയേറി. ഗാസയിൽ ഭക്ഷണവും വെള്ളവും കിട്ടാതെ ദുരിതം കഠിനമായതോടെ പലായനം ചെയ്യുന്നവരുടെ എണ്ണം വർധിച്ചു. തെക്കൻ ഗാസയിലേക്കുള്ള ജലവിതരണം പുനരാരംഭിച്ചതായി യുഎസ് അറിയിച്ചു.
അമേരിക്കയുടെ സഖ്യകക്ഷിയായ ഇസ്രയേൽ ഗാസ പിടിച്ചെടുക്കുന്നതിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് സിബിഎസ് വാർത്താ ചാനലിന്റെ അഭിമുഖത്തിൽ ചോദിച്ചപ്പോൾ, ‘‘അതു വളരെ വലിയ അബദ്ധമാകുമെന്നാണു കരുതുന്നത്’’ എന്നായിരുന്നു ബൈഡന്റെ മറുപടി. ഹമാസുമായി യുദ്ധത്തിനു തയാറെടുത്ത ഇസ്രയേലിനെ പിന്തുണയ്ക്കുമ്പോഴും വ്യത്യസ്ത അഭിപ്രായം പങ്കുവച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.
ഇസ്രയേൽ സേന കരയുദ്ധത്തിന് ഒരുങ്ങുമ്പോഴാണു ബൈഡന്റെ പ്രസ്താവനയെന്നതു ശ്രദ്ധേയം. മിന്നലാക്രമണത്തിനു പിന്നാലെ ഹമാസിനെതിരെ ഇസ്രയേൽ യുദ്ധം പ്രഖ്യാപിച്ചപ്പോൾ പൂർണ പിന്തുണ വാഗ്ദാനം ചെയ്ത രാജ്യങ്ങളിലൊന്നാണ് യുഎസ്. ഗാസയ്ക്കെതിരെ ഇസ്രയേലിന്റെ കരയുദ്ധം ആസന്നമായിരിക്കെ, ജാഗ്രത പുലർത്തണമെന്ന സന്ദേശമാണു ബൈഡൻ നൽകുന്നതെന്നാണു വിലയിരുത്തൽ.
‘‘എല്ലാ പലസ്തീൻ ജനതയെയും ഹമാസ് പ്രതിനിധീകരിക്കുന്നില്ല. ഭീരുക്കളുടെ കൂട്ടമായ ഹമാസിനെ പൂർണമായും ഇല്ലാതാക്കണം. പലസ്തീൻ യാഥാർഥ്യമാക്കുന്നതിനു വഴിയൊരുക്കേണ്ടതുമുണ്ട്. തീവ്രവാദികളെ തുരത്തേണ്ടതും അത്യാവശ്യമാണ്.’’– ബൈഡൻ പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C