‘ഇന്ത്യ’ നിലപാട് ഇന്ന് അറിയാം

ന്യൂഡൽഹി: പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിലെ കക്ഷികളുടെ യോഗം ഇന്ന് ഡൽഹിയിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേരും. കേന്ദ്ര സർക്കാർ ഈ മാസം 18 മുതൽ 22 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച പശ്ചാത്തലത്തിൽ പാർലമെന്റിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടുകൾ തീരുമാനിക്കുകയാണു ലക്ഷ്യം.

‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ ആശയവുമായി ബന്ധപ്പെട്ട ബിൽ സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചേക്കുമെന്നു പ്രതിപക്ഷം സംശയിക്കുന്നു. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മേൽക്കൈ നേടുകയാണു ബിജെപിയുടെ ലക്ഷ്യമെന്നു വിലയിരുത്തുന്ന പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി അതിനെ എതിർക്കാനാണു സാധ്യത. അതിനുള്ള ധാരണ ഇന്നത്തെ യോഗത്തിൽ രൂപപ്പെട്ടേക്കും.

ഗൗതം അദാനിയുമായി ബന്ധപ്പെട്ടുള്ള പുതിയ വെളിപ്പെടുത്തൽ ഉയർത്തിക്കാട്ടി പാർലമെന്റിൽ കേന്ദ്രത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിക്കാനുള്ള ഒരുക്കത്തിലാണു കോൺഗ്രസ്.
പ്രത്യേക സമ്മേളനത്തിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ചേക്കുമെന്നു സൂചനയുള്ളതിനാൽ ഇക്കാര്യത്തിലും പ്രതിപക്ഷത്തിനു നിലപാട് തീരുമാനിക്കേണ്ടി വരും.

Related News

ഇന്ന് രാത്രി എട്ടിനാണു യോഗം. പ്രതിപക്ഷ നേതാക്കൾക്കായി ഖർഗെ അത്താഴവിരുന്നുമൊരുക്കും.
അസാധാരണ പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്രത്തിൽ നിന്ന് അപ്രതീക്ഷിത പ്രഖ്യാപനങ്ങളുണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് വീണ്ടും ഒത്തുചേരുന്നത്. മുന്നണിയെ ഒറ്റക്കെട്ടായി നിർത്താൻ ലക്ഷ്യമിട്ടുള്ള ചർച്ചകളാവും ഖർഗെയുടെ വസതിയിൽ പ്രതിപക്ഷ നേതാക്കൾ നടത്തുക.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *