ദോഹ: ലോകകപ്പിന് ഒരു വർഷം പിന്നിടുമ്പോൾ ഖത്തർ ആതിഥേയത്വം വഹിക്കുന്ന അടുത്ത കായികമേളയിലേക്ക് ആരാധകരെ വരവേൽക്കാൻ ഹമദ് രാജ്യാന്തര വിമാനത്താവളം ഒരുങ്ങി.
ജനുവരി 12ന് ആരംഭിക്കുന്ന ഏഷ്യൻ കപ്പ് ലോകകപ്പിന് സമാനമായ ക്രമീകരണങ്ങളാണ് ഹമദ് എയർപോർട്ടിൽ ഒരുക്കുന്നത്.
20 ലക്ഷത്തോളം കാണികളെ കൈകാര്യം ചെയ്ത ലോകകപ്പിന്റെ അനുഭവസമ്പത്ത് ഏഷ്യൻ കപ്പിന്റെ ഒരുക്കം എളുപ്പമാക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കാണികൾക്ക് സ്റ്റേഡിയങ്ങളിലേക്കും മെട്രോ സ്റ്റേഷൻ, മുശൈരിബ് ഡൗൺടൗണിലെ മെയിൻ മീഡിയ സെന്റർ, ദോഹ എക്‌സ്‌പോ വേദി തുടങ്ങിയ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലേക്കും ഗതാഗത സൗകര്യമുണ്ട്.
വിമാനത്താവളത്തിൽ വേഗത്തിലുള്ള ക്ലിയറൻസിനും സ്റ്റേഡിയങ്ങളിലേക്കുള്ള സുഗമമായ യാത്രയ്ക്കും സൗകര്യമൊരുക്കും.
ദോഹയിൽ എട്ട് മണിക്കൂറിൽ കൂടുതൽ സമയം ചെലവഴിക്കുന്ന ട്രാൻസിറ്റ് യാത്രക്കാർക്ക് ഖത്തർ എയർവേയ്‌സിന്റെ ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്പനിയായ ഡിസ്‌കവർ ഖത്തറിലൂടെ ഒരു സിറ്റി ടൂർ ആസ്വദിക്കാം. ഏഷ്യൻ കപ്പിൽ നഗരത്തിന്റെ ആവേശം അനുഭവിക്കാൻ ഇതിലൂടെ സാധിക്കും.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള കാണികൾക്ക് വിവിധ സ്റ്റേഡിയങ്ങളിൽ എത്താൻ ഹമദ് വിമാനത്താവളവുമായി ബന്ധപ്പെട്ട് ടാക്സി, ബസ്, മെട്രോ സേവനങ്ങൾ ലഭ്യമാകും.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C