ഐഎസ്ആർഒയ്ക്ക് പ്രവാസികളുടെ അഭിനന്ദനപ്രവാഹം

Congratulation from expatriates to ISRO.

ദോഹ: സമൂഹ മാധ്യമങ്ങളിൽ ഐഎസ്ആർഒ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും പങ്കുവച്ച് ഏഴര ലക്ഷത്തോളം വരുന്ന ഇന്ത്യൻ കമ്യൂണിറ്റി. ദേശീയ പതാകയുടെ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ അഭിമാനത്തോടെ പാറിപ്പറന്നു. എ.ആർ. റഹ്‌മാന്റെ വന്ദേമാതരം എന്ന ഗാനവും വീണ്ടും തരംഗമായി.

ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്റെ വിജയത്തിളക്കത്തിൽ ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹവും ആഘോഷമാക്കി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറുന്ന ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഇന്നലെ ഉച്ചയ്ക്ക് ശേഷം ടെലിവിഷൻ ചാനലുകൾക്ക് മുൻപിൽ കണ്ണിമ ചിമ്മാതെ കാത്തിരുന്നവരിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെയുണ്ടായിരുന്നു. ദോഹ പ്രാദേശിക സമയം മൂന്നരയോടെ ഇന്ത്യയുടെ ചന്ദ്രയാൻ 3 ലാൻഡർ ചന്ദ്രനിൽ തൊട്ടപ്പോൾ വീടുകളിലും ഓഫിസുകളിലും ഇന്ത്യക്കാർ മധുരം പങ്കിട്ടും പരസ്പരം അഭിനന്ദിച്ചും സന്തോഷം പ്രകടമാക്കി.

ഖത്തറിലെ ഇന്ത്യക്കാർക്ക് അഭിമാനനിമിഷം നേരിട്ടു കാണാൻ ഇന്ത്യൻ എംബസി ട്വിറ്ററിൽ ലൈവ് ലിങ്കുകളും പങ്കുവച്ചിരുന്നു. ഇന്ത്യയുടെ ചരിത്ര നേട്ടം ആഘോഷിക്കാൻ ഇന്ത്യൻ എംബസി അപെക്‌സ് സംഘടനയായ ഇന്ത്യൻ കൾചറൽ സെന്ററിന്റെ നേതൃത്വത്തിൽ അശോക ഹാളിൽ ഇന്നലെ രാത്രി നടന്ന ആഘോഷത്തിൽ നൂറുകണക്കിന് ഇന്ത്യക്കാരാണ് പങ്കെടുത്തത്. ഇന്ത്യയുടെ നേട്ടം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി കൂട്ടായ്മകളും.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *