മനാമ: ബഹ്റിനിൽ ഇപ്പോഴത്തെ ജനസംഖ്യ 1,504,365 ആണെന്നാണ് അവസാന കണക്കുകൾ പറയുന്നത്. ഇതിൽ 719,333 പേർ സ്വദേശികളും 785,032 പേർ വിദേശികളുമാണ്. 2030ൽ ഇത് 2.128 ദശലക്ഷമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. അതിനനുസരിച്ച് അടിസ്ഥാനസൗകര്യങ്ങൾ വികസിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ വർധിച്ചുവരുന്ന ആവശ്യങ്ങളെ ഉൾക്കൊള്ളാൻ സാധിക്കുന്ന രീതിയിൽ 2030നപ്പുറത്തേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി.
നിലവിൽ 2030 വരെയുള്ള ഏഴ് വർഷത്തെ ആസൂത്രണമാണ് ഇപ്പോൾ ഉദ്യോഗസ്ഥർ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ, അത് പര്യാപ്തമല്ല. കാര്യങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ആവശ്യങ്ങളും അതിനനുസരിച്ച് വർധിച്ചുകൊണ്ടിരിക്കുന്നു. വീടുകൾ, റോഡുകൾ എന്നിവയുടെ കാര്യത്തിൽ ഇപ്പോഴുള്ള കണക്കുകൂട്ടലുകൾ മതിയാകില്ലെന്ന് പാർലമെന്റിന്റെ പബ്ലിക് യൂട്ടിലിറ്റീസ് ആൻഡ് എൻവയൺമെന്റ് അഫയേഴ്സ് കമ്മിറ്റി ചെയർമാൻ ബദർ അൽ തമീമി പറഞ്ഞു.
വലിയ ഗതാഗതക്കുരുക്ക് ഇപ്പോൾ തന്നെയുണ്ട്. വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് പാർക്കിങ് സൗകര്യം വേണം. ജനങ്ങൾ കൂടുന്നതിനനുസരിച്ച് ആവശ്യങ്ങൾ കൂടിവരും. ഓരോ ദിവസവും കൂടുതൽ കാറുകൾ നിരത്തിലിറങ്ങുന്നു. ഇപ്പോഴത്തെ റോഡ് ശൃംഖല ട്രാഫിക് കൈകാര്യം ചെയ്യാൻ അപര്യാപ്തമാണ്. വൈദ്യുതി സബ്സ്റ്റേഷനുകൾ, ജലവിതരണം എന്നിവയും പര്യാപ്തമല്ല. ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും തിങ്ങിനിറഞ്ഞിരിക്കുകയാണ്. അപര്യാപ്തമായ ആസൂത്രണത്തിന്റെ പ്രശ്നങ്ങളുണ്ടെന്ന് അൽ തമീമി പറഞ്ഞു.
Related News
ശരിയായ മാനേജ്മെന്റിലൂടെ എല്ലാ പ്രശ്നങ്ങളും രാജ്യത്തിന് അതിജീവിക്കാൻ കഴിയും. രാജ്യത്ത് ഉയർന്ന ജനസാന്ദ്രതയുണ്ട്, നിലവിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരിടാൻ കഴിയില്ല, വർഷങ്ങൾക്ക് മുമ്പ് തീരുമാനിച്ച പദ്ധതികൾക്കായി ജനം ഇപ്പോഴും കാത്തിരിക്കുകയാണ്. വികസനപദ്ധതികൾ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നും ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C