അജ്മാൻ: മലയാളം മിഷൻ കണിക്കൊന്ന, സൂര്യകാന്തി പഠനോത്സവങ്ങളിൽ 100 ശതമാനം വിജയംനേടി അജ്മാൻ ചാപ്റ്റർ. മുരുകൻ കാട്ടാക്കട, റജിസ്ട്രാർ വിനോദ് വൈശാഖി, ഭാഷാധ്യാപകൻ സതീഷ് എന്നിവർ സംയുക്തമായാണ് ഫലങ്ങൾ പ്രഖ്യാപിച്ചത്.
മലയാളം മിഷൻ നടത്തിവരുന്ന കോഴ്‌സുകളിൽ ഒരു കോഴ്സ് പൂർത്തിയാക്കി മറ്റൊരു കോഴ്‌സിലേക്ക് പ്രവേശനം നേടുന്ന മൂല്യനിർണയ രീതിയാണ് പഠനോത്സവങ്ങൾ. പരീക്ഷ എന്ന പ്രയോഗത്തിൽ അടങ്ങിയിരിക്കുന്ന മത്സരസ്വഭാവത്തെ ഇല്ലായ്മ ചെയ്തുകൊണ്ട് പഠിതാക്കളുടെ ഭാഷാപരിജ്ഞാനം പരിശോധിക്കുന്ന ശാസ്ത്രീയമായ മൂല്യനിർണയരീതിയാണിത്.
ഇന്ത്യൻ സോഷ്യൽ സെന്റർ അജ്‌മാൻ മലയാളി ആർട്സ് ആൻഡ് സോഷ്യൽ സെന്റർ അജ്‌മാൻ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ റജിസ്റ്റർ ചെയ്ത 25 ക്ലാസ്സുകളിൽ നിന്നായി 93 കണിക്കൊന്ന വിദ്യാർഥികളും 22 സൂര്യകാന്തി വിദ്യാർഥികളുമാണ് പഠനോത്സവത്തിൽ പങ്കെടുത്തത്. മികച്ച വിജയം നേടിയ അജ്‌മാൻ ചാപ്റ്ററിലെ എല്ലാ വിദ്യാർഥികളെയും മലയാളം മിഷൻ അനുമോദിച്ചു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C