ഒഴിവാക്കാൻ സാധിക്കാത്ത ക്ളീഷേ പാറ്റേണിൽ നിന്നുകൊണ്ടു തന്നെ പ്രേക്ഷകരെ അമ്പരപ്പിക്കുകയും കയ്യടിപ്പിക്കുകയും ചെയ്യിപ്പിക്കുന്ന ക്രൈം ത്രില്ലർ അതിഗംഭീരമായി നടപ്പിലാക്കിയിരിക്കുകയാണ് നവാഗത സംവിധായകനായ അരുൺ വർമയും തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസും. സുരേഷ് ഗോപി– ബിജു മേനോൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം ‘ഗരുഡൻ’ അസാധാരണമായൊരു ത്രില്ലർ സിനിമയാണ്.
ഗരുഡനിൽ നായകപക്ഷത്തിരിക്കുന്നത് സിനിമയുടെ കഥയും തിരക്കഥയുമാണ്. നായക കഥാപാത്രങ്ങളുടെ താരപ്പകിട്ടിന്റെ കെട്ടുകാഴ്ചകളിലേക്ക് ഫോക്കസ് ചെയ്യിപ്പിക്കാതെ, സിനിമയുടെ നിയന്ത്രണം പൂർണമായും തിരക്കഥ ഏറ്റെടുക്കുകയാണ്. അത് കരുത്തുറ്റ പ്രകടനത്തിലൂടെ അവിസ്മരണീയമാക്കുകയാണ് മലയാളികളുടെ പ്രിയതാരങ്ങളായ സുരേഷ് ഗോപിയും ബിജു മേനോനും.
ആഘോഷിക്കപ്പെട്ട ഒട്ടേറെ പൊലീസ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സുരേഷ് ഗോപിയുടെ കരിയറിലെ മറ്റൊരു മികവുറ്റ കഥാപാത്രമാണ് ഗരുഡനിലെ ഡിസിപി ഹരീഷ് മാധവ്. നെടുനീളൻ ഡയലോഗുകളിലൂടെയല്ല ഗരുഡനിലെ ഹരീഷ് മാധവ് പ്രേക്ഷകരുടെ ഇഷ്ടവും കയ്യടിയും നേടുന്നത്. അയാളുടെ നീതിബോധവും കൃത്യനിർവഹണത്തിലെ സൂക്ഷ്മതയും കൃത്യതയും തിരിച്ചടികളിലെ നിസ്സഹായതയും സുരേഷ് ഗോപി എന്ന നടൻ നന്നായി ആവിഷ്കരിച്ചിരിക്കുന്നു.
ചെയ്യാത്ത കുറ്റത്തിന് ജയിൽശിക്ഷ അനുഭവിക്കേണ്ടി വരുന്ന മധ്യവയസ്കന്റെ രോഷവും വാശിയും കൃത്യമായും ശക്തമായും പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട് നിഷാന്ത് എന്ന കോളജ് അധ്യാപകനെ അവതരിപ്പിച്ച ബിജു മേനോനും. രണ്ടു സൂപ്പർതാരങ്ങളുടെ പ്രതിഭയെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയതിന്റെ ക്രെഡിറ്റ് തീർച്ചയായും സംവിധായകൻ അരുൺ വർമയ്ക്കുള്ളതാണ്.
കേന്ദ്ര കഥാപാത്രങ്ങളെ മാത്രമല്ല, ചില സീനുകളിൽ മാത്രം വന്നു പോകുന്ന കഥാപാത്രങ്ങളെപ്പോലും സൂക്ഷ്മമായി കണ്ടെത്തി അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിലെ തലമുതിർന്ന താരങ്ങളെയും പുതുമുഖങ്ങളെയും ഒരുപോലെ കൂട്ടിയിണക്കിയാണ് അരുൺ വർമ ഗരുഡൻ ഒരുക്കിയിരിക്കുന്നത്. ജഗദീഷും സിദ്ദിഖും സ്ക്രീനിൽ സൃഷ്ടിക്കുന്ന ചില നിമിഷങ്ങളുണ്ട്. നിഷാന്ത് സാഗറിന്റെ മറ്റൊരു കിടിലൻ കഥാപാത്രത്തെ പ്രേക്ഷകർക്കു ഗരുഡനിൽ കാണാം. അഭിരാമി, ദിവ്യ പിള്ള, ചൈതന്യ പ്രകാശ്, മേഘ, തലൈവാസൽ വിജയ് തുടങ്ങിയവർക്കും ശ്രദ്ധേയമായ കഥാപാത്രങ്ങളുണ്ട്.
ജിനേഷിന്റെ കഥയ്ക്ക് മിഥുൻ മാനുവൽ തോമസ് ഒരുക്കിയ തിരക്കഥ തന്നെയാണ് ഗരുഡന്റെ നട്ടെല്ല്. . പ്രേക്ഷകരുടെ പൾസ് അറിഞ്ഞുള്ള എഴുത്ത്, കാച്ചിക്കുറുക്കിയ ഡയലോഗുകൾ, അതിവൈകാരികതയിലേക്ക് വീണുപോകാത്ത കഥാപാത്ര നിർമിതി, എന്നിങ്ങനെ തിരക്കഥാകൃത്ത് സ്കോർ ചെയ്യുന്ന നിരവധി ഘടകങ്ങളുണ്ട്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C