ചെന്നൈ: മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിയുടെ ആദ്യ പരീക്ഷണദൗത്യം ഗഗൻയാൻ പരീക്ഷണ വിക്ഷേപണം ഒക്ടോബർ 21-നെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്. മൂന്ന് പരീക്ഷണ വിക്ഷേപണവും അതിന് ശേഷം ആളില്ലാ വിക്ഷേപണവും നടത്തിയ ശേഷമായിരിക്കും ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരെ 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിച്ചശേഷം സുരക്ഷിതമായി ഭൂമിയിൽ തിരികെയെത്തിക്കുന്നതാണു ദൗത്യം.
പദ്ധതിയിലെ നിർണായകമായ സംവിധാനമാണ് ക്രൂ എസ്‌കേപ്പ് സിസ്റ്റം. റോക്കറ്റിന് എന്തെങ്കിലും സംഭവിച്ചാൽ, പൊട്ടിത്തെറിച്ചേക്കാവുന്ന റോക്കറ്റിൽ നിന്നും കുറഞ്ഞത് രണ്ട് കിലോമീറ്ററെങ്കിലും മാറ്റി യാത്രികരെ സംരക്ഷിക്കണം. ഈ സംവിധാനത്തിന്റെ കൃത്യത പരിശോധിക്കാനാണ് പദ്ധതിയെന്നും സോമനാഥ് വ്യക്തമാക്കി.
പ്രത്യേക വിക്ഷേപണവാഹനത്തിൽ 17 കിലോമീറ്റർ ഉയരെ എത്തിക്കുന്ന ക്രൂ മൊഡ്യൂൾ ശ്രീഹരിക്കോട്ടയിൽനിന്ന് 10 കിലോമീറ്റർ അകലെ, ബംഗാൾ ഉൾക്കടലിൽ ഇറക്കും. തുടർന്ന് സുരക്ഷിതമായി കരയിലെത്തിക്കും. ഡി2, ഡി3, ഡി4 എന്നിങ്ങനെ 3 പരീക്ഷണ ദൗത്യങ്ങൾ കൂടി പിന്നാലെ നടത്തും.
ആദിത്യ എൽ. വൺ വിജയകരമായി മുന്നേറുന്നു. ഭൂമിയിൽ നിന്ന് എൽ. വൺ പോയിന്റിലേക്കെത്താൻ ഏകദേശം 110 ദിവസമെടുക്കും. അതിനാൽ, 2024 ജനുവരി പകുതിയോടെ ആദിത്യ എൽ. വൺ ലഗ്രാഞ്ച് പോയിന്റ് വണ്ണിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C