ദുബായ്: ഇന്ത്യൻ പാസ്പോർട്ടിന് അപേക്ഷിക്കാനും പുതുക്കാനും ഔദ്യോഗിക ഏജൻസിയിൽ ബുക്ക് ചെയ്യാൻ ശ്രമിച്ചാൽ സ്ലോട്ടുകൾ ലഭിക്കുന്നില്ലന്ന് വ്യാപക പരാതി. പാസ്പോർട്ട് പുതുക്കാൻ ആവശ്യമായ രേഖകളുമായി മുൻകൂട്ടി ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്ക് സ്ലോട്ടുകൾ ലഭ്യമല്ല. എന്നാൽ,കൂടുതൽ ഫീസ് അടയ്ക്കേണ്ടുന്ന പ്രിമിയം ലോഞ്ച് സേവനത്തിന് അപേക്ഷിച്ചാൽ സ്ലോട്ട് റെഡി.പ്രീമിയം ലോഞ്ച് ഉപയോഗപ്പെടുത്താൻ വേണ്ടി സാധാരണ സ്ലോട്ടുകൾ പരിമിതപ്പെടുത്തുന്നതായാണ് ആരോപണം.
ഇന്ന് യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് ഇന്ത്യൻ പാസ്പോർട്ട് പുതുക്കാൻ സ്ലോട്ടുകിട്ടാത്തതാണ്. ഇതു സംബന്ധമായ പരാതികൾ അടുത്ത കാലത്തായി വർധിച്ചിട്ടുണ്ട്. ബിഎൽഎസ് ഇന്റർനാഷനൽ എന്ന ഏജൻസിക്കാണ് യുഎഇയിലെ പാസ്പോർട് അപേക്ഷകൾ കൈകാര്യം ചെയ്യാൻ ഇന്ത്യൻ സർക്കാർ അംഗീകാരം നൽകിയിട്ടുള്ളത്.
പാസ്പോർട്ട് പുതുക്കാൻ ആവശ്യമായ രേഖകളുമായി മുൻകൂട്ടി ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്ക് സ്ലോട്ടുകൾ ലഭ്യമല്ല എന്ന അറിയിപ്പാണ് ലഭിക്കുന്നതെന്ന് ഗ്ലോബൽ പ്രവാസി യൂണിയൻ ചെയർമാൻ അഡ്വ.ഫരീദ് പരാതിപ്പെട്ടു. എന്നാൽ പ്രീമിയം ലോഞ്ച് സേവനം നൽകി അധിക നിരക്ക് ഈടാക്കുന്നതിൽ അധികൃതർ അതീവ തത്പരരുമാണ്. ഇത് ശരാശരി പ്രവാസികൾക്ക് ഏറെ സാമ്പത്തിക ബാധ്യതയുണ്ടാക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ പാസ്പോർട് പുതുക്കുമ്പോൾ ഈടാക്കുന്നതിന്റെ അഞ്ച് ഇരട്ടിയോളം തുകയാണ് വിദേശത്ത് പാസ്പോർട് പുതുക്കാനായി നൽകേണ്ടി വരുന്നത്. ഇതിന്റെ കൂടെയാണ് സ്ലോട്ട് കുറവ് കാരണം സാധാരണക്കാരെ പ്രിമിയം ലോഞ്ച് ഉപോയോഗിക്കാൻ നിർബന്ധിതരാക്കുന്നത്.
2012ൽ ആരംഭിച്ച പ്രിമിയം ലോഞ്ചിൽ സർവീസ് നിരക്ക് മാത്രം 225 ദിർഹമാണ്. കൂടാതെ, ഒാരോ രേഖകളും അറ്റസ്റ്റ് ചെയ്യാൻ 105 ദിർഹം വീതം നൽകണം. നാട്ടിൽ പുതുതായി പാസ്പോർട്ടിന് 3000 രൂപയാണ് ഫീസ്. പാസ്പോർട്ട് പുതുക്കാൻ ആകെ 1800 രൂപ നൽകിയാൽ മതി. എന്നാൽ യുഎഇയിൽ പുതിയ പാസ്പോർട്ടിന് 615 ദിർഹവും പുതുക്കാൻ 415 ദിർഹവും. ഇതിനുള്ള സ്ലോട്ട് ലഭിക്കാത്തതിനാലാണ് പ്രിമിയം ലോഞ്ചിൽ അപേക്ഷിക്കാൻ നിർബന്ധിതരാകുന്നത്. ഇതിനാണ് 225 ദിർഹം എക്സ്ട്രാ നൽകേണ്ടിവരുന്നത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C