ക്രൂസ് ടൂറിസം നാളെ മുതൽ : സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ദോഹ തുറമുഖം

ദോഹ: കപ്പൽ ടൂറിസം സീസൺ ശനിയാഴ്ച തുടങ്ങും. സഞ്ചാരികളുമായെത്തുന്നത് 81 ആഡംബര കപ്പലുകൾ. 28ന് രാവിലെ 7ന് ക്രിസ്റ്റൽ സിംഫണിയാണ് യാത്രക്കാരുമായി എത്തുന്ന ആദ്യ കപ്പലെന്ന് തുറമുഖ മാനേജ്‌മെന്റ് കമ്പനി മവാനി ഖത്തർ വ്യക്തമാക്കി.

ഏപ്രിൽ 25 വരെ നീളുന്ന സീസണിലേക്ക് 81 കപ്പലുകളാണ് എത്തുക. ഇവയിൽ 8 കപ്പലുകളുടെ ദോഹയിലേക്കുള്ള ആദ്യത്തെ വരവാണിത്. പതിവ് പോലെ മെയിൻ സ്‌കിഫ്-2, ലെ ബോഗൻവില്ലെ, എംഎസ്‌സി വെർച്യോസ, കോസ്റ്റ ടോസ്‌കാന തുടങ്ങിയവ ഒന്നിലധികം തവണ ഇത്തവണ യാത്രക്കാരുമായെത്തും. കഴിഞ്ഞ സീസണിൽ എംഎസ്‌സിയുടെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ കപ്പലായ വേൾഡ് യൂറോപ്പയും ഒട്ടേറെ തവണ സഞ്ചാരികളുമായി എത്തിയിരുന്നു. ഫിഫ ലോകകപ്പിൽ ആരാധകർക്ക് താമസമൊരുക്കിയ ഫ്ലോട്ടിങ് കപ്പൽ കൂടിയാണ് വേൾഡ് യൂറോപ്പ.

ദോഹ തുറമുഖത്തെ ഗ്രാൻഡ് ടെർമിനലും സഞ്ചാരികളെ സ്വീകരിക്കാൻ തയാറായി. നവീകരിച്ച പഴയ ദോഹ തുറമുഖത്ത് തന്നെ അൽമിന സൂഖ്, ഫിഷ് മാർക്കറ്റ്, റീട്ടെയ്ൽ ഷോപ്പുകൾ, റസ്റ്ററന്റുകൾ, ഗ്രീൻ പാർക്ക് തുടങ്ങി കാണാനും അറിയാനും ഏറെയുണ്ട്. ദോഹ കോർണിഷിനോട് ചേർന്ന അൽബിദ പാർക്കിൽ 6 മാസം നീളുന്ന രാജ്യാന്തര ഹോർട്ടികൾചറൽ എക്‌സ്‌പോ ഉൾപ്പെടെ ഒട്ടേറെ കാഴ്ചകളാണ് ഇത്തവണയുള്ളത്.

ഖത്തർ നാഷനൽ മ്യൂസിയം, ദോഹ കോർണിഷ്, സൂഖ് വാഖിഫ്, മിഷെറിബ് ഡൗൺ ടൗൺ ദോഹ തുടങ്ങി രാജ്യത്തിന്റെ പ്രധാന വിനോദ കേന്ദ്രങ്ങളിലേക്ക് ദോഹ തുറമുഖത്ത് നിന്ന് നടക്കാവുന്ന ദൂരമേയുള്ളൂ. ഇത്തവണയും ഖത്തറിന്റെ സാംസ്‌കാരിക, പൈതൃക കാഴ്ചകളിലേക്ക് നല്ലൊരു ശതമാനം സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *