സംവിധായകൻ കെ.ജി.ജോർജ് യാത്രയായി

കൊച്ചി: മലയാളസിനിമയ്ക്ക് പുതിയ ഭാവങ്ങൾ സമ്മാനിച്ച സംവിധായകൻ കെ.ജി.ജോർജ് (78) അന്തരിച്ചു. കാക്കനാട്ടെ സിഗ്നേച്ചർ ഏജ്ഡ് കെയറിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടർന്ന് 6 വർഷമായി ഇവിടെയായിരുന്നു താമസം. നാളെ കൊച്ചിയിലെ പൊതുദർശനത്തിനുശേഷം സംസ്കാരം വൈകിട്ട് 4.30ന് രവിപുരം ശ്മശാനത്തിൽ. പൊതുദർശനം എവിടെയെന്നതു ഫെഫ്ക ഇന്നു തീരുമാനിക്കും.

സംവിധായകൻ കെ.ജി.ജോർജിന്റെ മരണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു.സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തിൽ ഇടംപിടിച്ച സംവിധായകനാണ് കെ.ജി.ജോർജ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വി.ശിവൻകുട്ടി, സജി ചെറിയാൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ എന്നിവരും അനുശോചിച്ചു.

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു സംവിധാനം പഠിച്ചു. പ്രശസ്ത സംവിധായകൻ രാമു കാര്യാട്ടിന്റെ സംവിധാന സഹായിയായാണു സിനിമയിലെത്തിയത്. ആദ്യമായി സംവിധാനം ചെയ്ത ‘സ്വപ്നാടന’ത്തിന് 1976ൽ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയപുരസ്കാരം ലഭിച്ചു.

Related News

അദ്ദേഹത്തിന്റെ ‘സ്വപ്നാടനം’ മലയാളത്തിലെ ആദ്യത്തെ സൈക്കളോജിക്കൽ ത്രില്ലർ ആണെങ്കിൽ ‘ഉൾക്കടലി’നെ മലയാളത്തിലെ ആദ്യ ക്യാംപസ് സിനിമയായി വിശേഷിപ്പിക്കാം. ജനപ്രീതിയിലും നിലവാരത്തിലും മികച്ചുനിന്ന ക്രൈം ത്രില്ലറായിരുന്നു ‘യവനിക’ എങ്കിൽ, നടിയുടെ ആത്മഹത്യ പ്രമേയമാക്കി ഒരുക്കിയ ഡോക്യുഫിക്‌ഷൻ ശ്രേണിയിൽപെട്ട വ്യത്യസ്തസിനിമയായിരുന്നു ‘ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്.’

സർറിയലിസ്റ്റിക് ക്ലൈമാക്സ്കൊണ്ട് ശ്രദ്ധേയമായ ‘ആദാമിന്റെ വാരിയെല്ല്,’ മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപസിനിമയായി കണക്കാക്കപ്പെടുന്ന ‘പ‍ഞ്ചവടിപ്പാലം,’ ശിഥില കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ‘ഇരകൾ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ആഖ്യാനത്തിലും പ്രമേയപരതയിലും മലയാളസിനിമയിൽ നവലോകം തുറന്നിടാൻ കെ.ജി.ജോർജിനു കഴിഞ്ഞു. 40 വർഷത്തെ സിനിമാജീവിതത്തിൽ 19 സിനിമകൾ സംവിധാനം ചെയ്തു.

ദേശീയ ഫിലിം അവാർഡ് ജൂറി അംഗം, സംസ്‌ഥാന ചലച്ചിത്ര അവാർഡ് ജൂറി അധ്യക്ഷൻ, കെഎസ്എഫ്ഡിസി അധ്യക്ഷൻ, മാക്ട ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചു. 2016ൽ ജെ.സി.ഡാനിയേൽ പുരസ്കാരത്തിന് അർഹനായി. ആദാമിന്റെ വാരിയെല്ല്, ഇരകൾ എന്നീ ചിത്രങ്ങളിലൂടെ തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്കാരവും നേടി. ആത്മകഥ: ‘ഫ്ലാഷ്ബാക്ക്: എന്റെയും സിനിമയുടെയും’.

1945 മേയ് 24നു തിരുവല്ലയിൽ സാമുവലിന്റെയും അന്നമ്മയുടെയും മകനായാണ് കുളക്കാട്ടിൽ ഗീവർഗീസ് ജോർജിന്റെ ജനനം. പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സെൽമയാണു ഭാര്യ. മക്കൾ: അരുൺ ജോർജ് (കോർപറേറ്റ് കമ്യൂണിക്കേഷൻ, പനാഷെ അക്കാദമി, ഗോവ), താര (ഖത്തർ എയർവേയ്സ്, ദോഹ). മരുമകൾ: നിഷ.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *