കാലാവസ്ഥാ ഉച്ചകോടി; ജി20 രാജ്യങ്ങൾ നയിക്കണം

ദുബായ്: ദുബായിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയിൽ ഏറ്റവും മികച്ച തീരുമാനങ്ങൾ വരാൻ ജി20 രാജ്യങ്ങൾ നയിക്കണം. കാലാവസ്ഥ വ്യതിയാനം മൂലമുള്ള ദുരന്തങ്ങൾ തരണം ചെയ്യുന്നതിനുള്ള കർമ പദ്ധതികളുടെ നേതൃസ്ഥാനം ഏറ്റെടുക്കാൻ ജി20 സഖ്യത്തോട് അഭ്യർഥിച്ച് യുഎഇ കാലാവസ്ഥ ഉച്ചകോടിയുടെ നിയുക്ത പ്രസിഡന്റ് ഡോ.സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബറും ഐക്യ രാഷ്ട്ര സംഘടനയുടെ കാലാവസ്ഥ സമ്മേളന സമിതിയുടെ (യുഎൻഎഫ്സിസിസി) എക്സിക്യൂട്ടിവ് സെക്രട്ടറി സൈമൺ സ്റ്റില്ലും.

മുൻ കാലാവസ്ഥാ ഉച്ചകോടികളേക്കാൾ ഫലപ്രദമായ തീരുമാനങ്ങളാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. കാർബൺ പുറന്തള്ളൽ ഗണ്യമായി കുറച്ച് കാലാവസ്ഥ വ്യതിയാനത്തെ ശക്തമായി നേരിടണം. ഈ വഴിയിൽ വികസ്വര രാജ്യങ്ങളുടെ പ്രതിസന്ധികളെ മനസ്സിലാക്കി പിന്തുണ നൽകാനും അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളുടെ നേതൃ സ്ഥാനവും ജി20 രാജ്യങ്ങൾ ഏറ്റെടുക്കണം. പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറച്ചു കൊണ്ടുവരാനും ഈ നൂറ്റാണ്ടിന്റെ പകുതിയോടെ ഫോസിൽ ഇന്ധന രഹിത ഊർജ സംവിധാനം രൂപപ്പെടുത്താനും സാധിക്കണം. ജൈവ, ഹരിത ഇന്ധനം അവികസിത രാജ്യങ്ങൾക്കും പ്രാപ്യമാക്കണമെന്നും അവർ പറഞ്ഞു.

പുനരുപയോഗ ഇന്ധന ഉപയോഗം മൂന്നിരട്ടി ആക്കുന്നതിനൊപ്പം ഊർജ ശേഷി ഇരട്ടിയാക്കണം. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും മനുഷ്യ ജീവനാണ് പ്രാധാന്യം നൽകേണ്ടത്. പ്രകൃതി സംരക്ഷണ നടപടികൾ വികസ്വര രാജ്യങ്ങൾക്ക് അവരുടെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാനാവുന്നതും അവർക്കു ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ചു ചെയ്യാൻ കഴിയുന്നതും ആകണം. ഏറ്റവും ദുരിതം അനുഭവിക്കുന്ന രാജ്യങ്ങളെയും ദ്വീപുകളെയും സാമ്പത്തികമായി സഹായിക്കാനും ജി20 തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *