വിജയവാഡ : ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ എൻ. ചന്ദ്രബാബു നായിഡുവിനെ അഴിമതിക്കേസിൽ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സംസ്ഥാനത്തു നടപ്പാക്കിയ നൈപുണ്യവികസന പദ്ധതിയുമായി ബന്ധപ്പെട്ട് 370 കോടി രൂപയുടെ അഴിമതി നടത്തിയതിനാണ് അറസ്റ്റ്. കുംഭകോണത്തിന്റെ മുഖ്യ സൂത്രധാരൻ അന്നു മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡു ആണെന്നു പൊലീസ് പറഞ്ഞു.
ശനിയാഴ്ച പുലർച്ചെ നന്ദ്യാൽ ജില്ലയിലെ ഗാനപുരത്തു നിന്ന് ആന്ധ്ര സിഐഡി വിഭാഗം അറസ്റ്റ് ചെയ്ത നായിഡുവിനെ ചോദ്യം ചെയ്യലിനു ശേഷം അഴിമതിക്കേസുകൾ വിചാരണ ചെയ്യുന്ന കോടതിയിൽ ഇന്നലെ വൈകിട്ട് ആറരയോടെയാണ് ഹാജരാക്കിയത്.
വിജയവാഡയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള രാജാമഹേന്ദ്രവാരം (രാജമുൻഡ്രി) സെൻട്രൽ ജയിലിലായിരിക്കും നായിഡുവിനെ പാർപ്പിക്കുക. കനത്ത സുരക്ഷാനടപടികളോടെയാണു കോടതിയിൽ ഹാജരാക്കിയത്. നായിഡുവിനു വേണ്ടി സുപ്രീം കോടതി അഭിഭാഷകനായ സിദ്ധാർഥ് ലുത്ര ഹാജരായി.
കഴിഞ്ഞ ദിവസം 10 മണിക്കൂറോളമാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. നായിഡു പല ചോദ്യങ്ങൾക്കും ഓർക്കുന്നില്ല എന്നാണ് മറുപടി നൽകിയതെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. മകനും ടിഡിപി നേതാവുമായ നാര ലോകേഷ്, ഭാര്യ ഭുവനേശ്വരി എന്നിവരും കോടതിയിലെത്തിയിരുന്നു. അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്നു സംസ്ഥാന വ്യാപകമായി ബന്ദ് നടത്താൻ ടിഡിപി തീരുമാനിച്ചു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C