ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തെ ബാങ്കുകൾ 2,09,144 കോടി രൂപ കിട്ടാക്കടമായി എഴുതിത്തള്ളിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർ.ബി.ഐ). വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിന് ഉത്തരമായാണ് ഇക്കാര്യം ആർ.ബി.ഐ വെളിപ്പെടുത്തിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 10.57 ലക്ഷം കോടി രൂപയാണ് ഇത്തരത്തിൽ ബാങ്കുകൾ എഴുതിത്തള്ളിയത്.
ആർബിഐയുടെ വിവരാവകാശ മറുപടി പ്രകാരം, മുൻവർഷത്തേക്കാൾ 20 ശതമാനം കൂടുതലാണ് ഇത്തവണ എഴുതിത്തള്ളിയ തുക. 2022 മാർച്ചിൽ 1,74,966 കോടി രൂപയായിരുന്നു എഴുതിത്തള്ളിയത്. ഇത്തവണ 34,178 കോടി കൂടുതലായി 2.09 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്. ഇതോടെ മൊത്തം നിഷ്ക്രിയ ആസ്തി 10 വർഷത്തെ താഴ്ന്ന നിരക്കായ 3.9 ശതമാനമായി. 2012-13 സാമ്പത്തിക വർഷം മുതൽ 2022-23 സാമ്പത്തികവർഷം വരെയുള്ള 10 വർഷത്തിനിടെ 15,31,453 കോടി രൂപയുടെ കിട്ടാക്കടമാണ് ഇന്ത്യയിലെ ബാങ്കുകൾ എഴുതിത്തള്ളിയത്.
ഈ വായ്പകൾ തിരിച്ചടവ് മുടങ്ങിയ വായ്പകളുടെ കണക്കിൽ തുടരുമെങ്കിലും ഇവയുടെ വീണ്ടെടുക്കൽ പ്രയാസകരമാണ്. മൂന്നു വർഷത്തിനിടെ എഴുതിത്തള്ളിയ 5,86,891 കോടി രൂപയിൽ 1.09 ലക്ഷം കോടി രൂപമാത്രമാണ് തിരിച്ചു പിടിക്കാനായത്. 2021 സാമ്പത്തിക വർഷം 30,104 കോടി രൂപയും 2022ൽ 33,354 കോടിയും 2023ൽ 45,548 കോടി രൂപയും മാത്രമാണ് തിരിച്ചെടുക്കാനായത്.
Related News
കിട്ടാക്കടത്തിന്റെ ഗണത്തിൽ ഉൾപ്പെടുത്തി വായ്പ എഴുതിത്തള്ളുന്നതോടെ ബാങ്കിന്റെ ലാഭത്തിൽനിന്ന് ഈ തുക കുറഞ്ഞതായി കാണിക്കും. ഇപ്രകാരം നിഷ്ക്രിയ ആസ്തികളുടെ തോത് കുറച്ചാൽ ബാങ്ക് നൽകേണ്ടിവരുന്ന നികുതിയിലും കുറവ് വരും. ഇതിനാണ് തിരിച്ചടവ് മുടങ്ങിയ വായ്പകളിൽ ഒരുഭാഗം ബാങ്കുകൾ വർഷംതോറും എഴുതിത്തള്ളുന്നത്. അതേസമയം, ആരുടെയൊക്കെ കടമാണ് എഴുതിത്തള്ളിയതെന്ന് ബാങ്കുകളോ റിസർവ് ബാങ്കോ വെളിപ്പെടുത്തിയിട്ടില്ല.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C