ദോഹ: ഖത്തറിന്റെ പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലിന് വിവിധ മേഖലകളിലെ പ്രവർത്തനമികവിന് അന്താരാഷ്ട്ര അംഗീകാരം. ഉപഭോക്തൃ പരിരക്ഷക്കുള്ള ഗോൾഡ് അവാർഡും സപ്ലൈ ചെയിൻ വിഭാഗത്തിൽ റോഡ് പ്രോജക്ട് ഡിപ്പാർട്മെന്റ് ഡയമണ്ട് അവാർഡും നേടി. ഇതിനു പുറമെ, പ്രവർത്തന മികവിന് സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് 2022 അംഗീകാരവും തേടിയെത്തി.
അമേരിക്കയിലെ ഹാർവഡ് ബിസിനസ് കൗൺസിലിന്റെ അന്താരാഷ്ട്ര പുരസ്കാരങ്ങളാണ് ഖത്തറിന്റെ പൊതു നിർമാണ മേഖലയെ നയിക്കുന്ന അഷ്ഗാലിനെ തേടിയെത്തിയത്. ഗതാഗതസൗകര്യ വികസനത്തിലും റോഡ് നിർമാണം, പ്രാദേശിക ഉൽപാദകർക്കുള്ള പിന്തുണ, പ്രാദേശിക ഉൽപന്നങ്ങൾ ഉപയോഗപ്പെടുത്തുന്നതിലെ സൂക്ഷ്മത, കമ്പനികൾ, കൺസൽട്ടിങ് ഏജൻസികൾ, കോൺട്രാക്ടർമാർ, തൊഴിലാളികൾ എന്നിവ പ്രാദേശികമായി ഉപയോഗപ്പെടുത്തുക തുടങ്ങിയ മേഖലകളിൽ അഷ്ഗാലിന്റെ മികവിനെ ഹാർവഡ് കൗൺസിൽ പ്രശംസിച്ചു.
ഏറ്റവും മികച്ച ഗുണമേന്മയുള്ള നിർമാണപ്രവർത്തനങ്ങളും സേവനങ്ങളും തുടരുന്നതിനും പരിസ്ഥിതിക്കും സമൂഹത്തിനും ഉന്നതനിലവാരത്തിലെ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനുമുള്ള പ്രചോദനമാണ് നേട്ടങ്ങളെന്നും റോഡ് പ്രോജക്ട്സ് വിഭാഗം മാനേജർ എൻജി. അൽ തമിമി പറഞ്ഞു.ഉപഭോക്തൃ പരിരക്ഷയിലെ ഗോൾഡ് മെഡൽ നേട്ടത്തിൽ അഷ്ഗാൽ പബ്ലിക് റിലേഷൻസ് മാനേജർ അബ്ദുല്ല സഅദ് അൽ സഅദ് സന്തോഷം പ്രകടിപ്പിച്ചു. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം ഉറപ്പാക്കിയും അവരിൽനിന്ന് ഫീഡ്ബാക്ക് സ്വീകരിച്ചും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം വിജയംകണ്ടതിന്റെ സാക്ഷ്യമാണ് അവാർഡ് നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
Related News
ദോഹ സിറ്റി സെക്ഷൻ റോഡ് പ്രോജക്ട്സ് വിഭാഗം മേധാവി എൻജി. മൂസ അൽ സുവൈദിയും അവാർഡ് ഏറ്റുവാങ്ങുന്ന ചടങ്ങിൽ പങ്കെടുത്തു. 2000ത്തോളം അപേക്ഷകളിൽനിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C