ജീവിതക്കുതിപ്പിന് തടസ്സം സൃഷ്ടിക്കുന്ന ലൈഫ്‌സ്‌റ്റൈല്‍ രോഗങ്ങളുടെ ഗണത്തില്‍പെടുത്താവുന്ന മറ്റൊരു ആരോഗ്യപ്രശ്‌നമാണ് ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതരോഗങ്ങള്‍. സന്ധിവാതരോഗങ്ങള്‍ സന്ധികള്‍ക്ക് വിട്ടുമാറാത്ത വേദനകളും നീര്‍ക്കെട്ടും ഉണ്ടാക്കി ശരീരത്തിലെ ചലനശേഷി കുറയ്ക്കുന്നു. തൊഴില്‍പരമായ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല, ദൈനംദിന പ്രവൃത്തികള്‍പോലും ഇതിനിടയില്‍ തകിടം മറിഞ്ഞെന്നുവരാം.
മാറിയ ജീവിതശൈലിയാണ് സന്ധിവേദനകളും പേശിവേദനകളും സന്ധിവാത രോഗങ്ങളും ഇത്രയേറെ വ്യാപകമാകുന്നതിന്റെ കാരണങ്ങളിലൊന്ന്. വ്യായാമരഹിതമായ ജീവിതശൈലി, ഭക്ഷണത്തില്‍ വന്ന അനാരോഗ്യകരമായ പ്രവണതകള്‍, മദ്യപാനം ഉള്‍പ്പെടെയുള്ള ദുശ്ശീലങ്ങള്‍, വര്‍ധിക്കുന്ന മാനസിക പിരിമുറുക്കം, ആധുനിക തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവയൊക്കെ സന്ധികളുടെ ദുരുപയോഗത്തിനും അമിതോപയോഗത്തിനും ഘടനാപരമായ തകരാറുകള്‍ക്കും വിട്ടുമാറാത്ത സന്ധി-പേശി വേദനകള്‍ക്കും കാരണമാകുന്നുണ്ട്.
ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന സന്ധിവാത രോഗമാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്. അമിതവണ്ണമാണ് ചെറുപ്പക്കാരില്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ഉണ്ടാകാനുള്ള പ്രധാന കാരണം. പുത്തന്‍ജീവിത ശൈലിയുടെ പ്രധാന അടയാളങ്ങളായ വ്യായാമക്കുറവും അമിതഭക്ഷണവും ഫാസ്റ്റ് ഫുഡുമൊക്കെയാണ് ചെറുപ്പക്കാരെ അമിതവണ്ണമുള്ളവരാക്കിയത്.
അമിതവണ്ണമുള്ളവര്‍ ശരീരത്തിന്റെ ഭാരം കുറച്ചാല്‍ മാത്രമേ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ചികിത്സ ഫലപ്രദമാകൂ. ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തും വണ്ണം കുറയ്ക്കുന്നത് സന്ധികളുടെ മേലുള്ള സമ്മര്‍ദവും തേയ്മാനവും കുറയ്ക്കും.
അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും മദ്യത്തോടുള്ള അമിതാസക്തിയും പുതിയ ജീവിത ശീലങ്ങളുമെല്ലാം ഗൗട്ട് എന്ന സന്ധിവാതരോഗത്തിനുള്ള സാധ്യത വര്‍ധിപ്പിച്ചിരിക്കുന്നു. ആധുനിക ജീവിതശൈലിരോഗങ്ങളുടെ ഗണത്തില്‍ പെടുത്താവുന്ന അസുഖമാണ് ഓസ്റ്റിയോ പൊറോസിസ് അഥവാ അസ്ഥി ബലക്ഷയം. നിശ്ശബ്ദ പകര്‍ച്ചവ്യാധി എന്നാണ് ഓസ്റ്റിയോ പൊറോസിസ് അറിയപ്പെടുന്നത്.
കൈയും മെയ്യുമനങ്ങാത്ത, വെയിലുകൊള്ളാത്ത പുതിയ ലൈഫ്സ്‌റ്റൈല്‍ ഓസ്റ്റിയോ പൊറോസിസ് നമ്മുടെ നാട്ടിലും വ്യാപകമാകുവാന്‍ കാരണമായിട്ടുണ്ട്. വ്യായാമക്കുറവാണ് ചെറുപ്പക്കാര്‍ക്കിടയില്‍ കണ്ടുവരുന്ന ഓസ്റ്റിയോപൊറോസിസിന്റെ കാരണങ്ങളിലൊന്ന്. അസ്ഥികോശങ്ങള്‍ രൂപപ്പെടുന്ന ഓസ്റ്റിയോ ബ്ലാസ്റ്റുകളുടെ പ്രവര്‍ത്തനം മന്ദീഭവിക്കാനും അസ്ഥികോശങ്ങളെ ആഗിരണം ചെയ്യുന്ന ഓസ്റ്റിയോ ക്ലസ്റ്റുകളുടെ പ്രവര്‍ത്തനം സജീവമാകാനും വ്യായാമരഹിതമായ ജീവിതശൈലി കാരണമാകും. കൃത്യമായ വ്യായാമം അസ്ഥി ബലക്ഷയത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നു.

സൂര്യപ്രകാശത്തിന്റെ സഹായത്തോടെ ചര്‍മം ഉത്പാദിപ്പിക്കുന്ന താണ് വിറ്റാമിന്‍ ഡി. എല്ലുകളുടെ ഉറപ്പിനും സാന്ദ്രതയ്ക്കും വിറ്റാമിന്‍ ഡി ആവശ്യമാണ്. ചെറുകുടലില്‍നിന്നുള്ള കാത്സ്യത്തിന്റെ ആഗിരണത്തെയും ഇത് സഹായിക്കുന്നുണ്ട്. ദിവസവും 10-15 മിനിറ്റ് വെയില്‍ കൊണ്ടാല്‍ മാത്രം മതി നമുക്കാവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും.
സന്ധി ആവരണമായ കാപ്‌സ്യൂള്‍, സന്ധികള്‍ക്കുസമീപമുള്ള ചലനവള്ളികള്‍, സ്‌നായുക്കള്‍, പേശികള്‍ എന്നിവയെ ബാധിക്കുന്ന നീര്‍ക്കെട്ട് വിട്ടുമാറാത്ത സന്ധിവേദനയ്ക്കും സന്ധികളുടെ ചലന സ്വാതന്ത്ര്യം കുറയ്ക്കുന്നതിനും കാരണമാകാറുണ്ട്. സോഫ്റ്റ് ടിഷ്യു റുമാറ്റിസം എന്നുവിളിക്കുന്ന സന്ധിക്ക് ചുറ്റുമുള്ള മൃദുകലകളെ ബാധിക്കുന്ന ഈ വാതരോഗങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് അമിത ഉത്കണ്ഠയും വിഷാദവും പോലെയുള്ള ലഘുമനോരോഗങ്ങളാണ്. ചെറുപ്പക്കാരായ സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന സന്ധിവാത രോഗമാണ് എസ്.എല്‍.ഇ.
ജീവിതശൈലി രോഗങ്ങളുള്ളവര്‍ക്ക് സന്ധിവേദനകള്‍ ഉണ്ടായാല്‍ ആവശ്യമായ പരിശോധനകള്‍ നടത്തി സന്ധിവാതരോഗമാണോ എന്നു കണ്ടുപിടിക്കണം. ചികിത്സ നേടണം.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C