1994 ലാണ് ഖത്തർ വിമാന സർവീസ് ആരംഭിച്ചത്. തുടക്കത്തിൽ പ്രതിസന്ധികൾ പലതും നേരിട്ടെങ്കിലും അവയെല്ലാം മറികടന്ന്, ആകാശത്തോളം സ്വപ്നങ്ങളുമായി, ഖത്തർ എയർവേയ്സിനു പുതിയ മുഖം നൽകാൻ അന്നത്തെ ഖത്തർ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി തീരുമാനിച്ചു. അതിന്‍റെ കടിഞ്ഞാൻ അദ്ദേഹം ഏൽപിച്ചത് അക്ബർ അൽബേക്കറിനെയായിരുന്നു. 1996-ല്‍ സ്ഥാപനത്തിന്റെ സി.ഇ.ഒ ആയി സ്ഥാനമേല്‍ക്കുമ്പോള്‍ വെറും അഞ്ച് വിമാനങ്ങള്‍ മാത്രമാണ് ഖത്തര്‍ എയര്‍വേസിനുണ്ടായിരുന്നത്.
നാലു വിമാനങ്ങളുമായി ആകാശസഞ്ചാരം തുടങ്ങിയ ഖത്തർ എയർവേയ്സ് ആഗോളതലത്തിൽ ഉയരങ്ങൾ കീഴടക്കിയത് അതിവേഗമായിരുന്നു. ഖത്തറിലെ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റിൽ ജോലി ചെയ്തതിന്റെ പരിചയ സമ്പത്തായിരുന്നു അൽബേക്കറിന്റെ കൈമുതൽ. സ്വകാര്യ പൈലറ്റ് ലൈസൻസുള്ളതും അദ്ദേഹത്തിനു തുണയായി. അൽ ബേക്കറിന്റെ നേതൃത്വത്തിൽ ഖത്തർ എയർവേയ്സ് ആഗോളതലത്തിൽ ഏറ്റവും തിരിച്ചറിയാവുന്നതും വിശ്വസനീയവുമായ ബ്രാൻഡുകൾ ആയി വളർന്നു ഉപഭോക്തൃ സേവന നിലവാരത്തിന്റെ പര്യായവും ഉയർന്ന നിലവാരവും മെച്ചപ്പെടുത്തി.

സിഇഒ ആയിരിക്കെ അൽബേക്കർ പ്രധാനമായി ലക്ഷ്യമിട്ടത് ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ വികസനമായിരുന്നു. അത്യാധുനിക ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ‘ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട് ‘ എന്ന നിലയിൽ അംഗീകരിക്കപ്പെട്ടു. വിമാനത്താവള വികസനം പൂർത്തിയായതോടെ വൻകുതിപ്പാണ് ഖത്തർ എയർവേയ്സ് നടത്തിയത്. നിലവിൽ ഖത്തർ എയർവേയ്‌സിന്റെ ആസ്ഥാനമാണ് ഈ വിമാനത്താവളം. ഹമദ് വിമാനത്താവളത്തിനു പുറമെ ഡ്യൂട്ടി ഫ്രീ, ഏവിയേഷൻ സർവീസ് തുടങ്ങി ഖത്തർ എയർവേയ്സുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളുടെ വളർച്ചയ്ക്കും അൽബേക്കർ നേതൃത്വം നൽകി.
2011 ഏപ്രിലിൽ ഖത്തർ എയർവേയ്സ് അതിന്റെ ആഗോള റൂട്ട് മാപ്പിൽ 100 ലക്ഷ്യസ്ഥാനങ്ങളിലേക്കു സഞ്ചരിക്കുന്ന വിമാനക്കമ്പനിയായി മാറി. എഴു തവണ എയർലൈൻ ഓഫ് ദി ഇയർ പുരസ്കാരം നേടിയ ഖത്തർ എയർവേസിന് ഇപ്പോൾ 200 ലധികം വിമാനങ്ങളുണ്ട്.

27 വര്‍ഷത്തെ സേവനത്തിനുശേഷം ഖത്തര്‍ എയര്‍വേസിന്റെ സി.ഇ.ഒ സ്ഥാനത്തുനിന്ന് പടിയിറങ്ങാനൊരുങ്ങിമ്പോൾ അദ്ദേഹത്തെ കാത്ത് മറ്റൊരു ദൗത്യം മുന്നിലുണ്ട്. സ്ഥാനമൊഴിഞ്ഞശേഷം അക്ബല്‍ അല്‍ ബേക്കര്‍, ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ താനിയുടെ ഉപദേശകനായി സ്ഥാനമേല്‍ക്കും.
61 കാരനായ അക്ബർ അൽ ബേക്കറിന്റെ മാതാവ് ഇന്ത്യക്കാരിയാണ്. മുംബൈയിൽ ജനിച്ച അൽ ബേക്കർ മഹാരാഷ്ട്രയിലെ പാഞ്ചഗണിയിലുള്ള സെന്റ് പീറ്റേഴ്സ് ബോർഡിങ് സ്കൂളിൽനിന്നും സിഡെൻഹാം കോളജ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇക്കണോമിക്‌സിൽ നിന്നുമാണ് വിദ്യാഭ്യാസം നേടിയത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C