അബുദാബി വിമാനത്താവളത്തിൻ്റെ പേര് ഇനി സായിദ് അന്താരാഷ്ട്ര വിമാനത്താവളം

അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റ പേര് മാറ്റുന്നു. സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നായിരിക്കും ഇനി വിമാനത്താവളം അറിയപ്പെടുക. പേരുമാറ്റം അടുത്ത വര്‍ഷം ഫെബ്രുവരി 9- ന് നിലവില്‍ വരും. അന്തരിച്ച മുന്‍ യു.എ.ഇ. പ്രസിഡന്റ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനോടുള്ള ബഹുമാനാര്‍ഥമാണ് പുതിയ പേര് നല്‍കുന്നത്.

അതേസമയം, വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിന്റെ പ്രവര്‍ത്തനം നാളെ ആരംഭിക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ ബുധനാഴ്ച മുതല്‍ പുതിയ ടെര്‍മിനലില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിസ് എയര്‍ അടക്കം 15 അന്താരാഷ്ട്ര വിമാനക്കമ്പനികളും നവംബര്‍ ഒന്നു മുതല്‍ പുതിയ ടെര്‍മിനലില്‍ നിന്ന് സര്‍വീസ് ആരംഭിക്കും.

ഇത്തിഹാദ് എയര്‍വേസ് നവംബര്‍ ഒമ്പതു മുതല്‍ ദിവസവും 16 സര്‍വിസുകള്‍ പുതിയ ടെര്‍മിനലില്‍ നിന്നും നടത്തും. നവംബര്‍ 14 മുതലായിരിക്കും എയര്‍ അറേബ്യ അടക്കമുള്ള 11 എയര്‍ലൈനുകള്‍ തുടങ്ങുക. ഇത്തിഹാദ് എയര്‍വെയ്‌സും നവംബര്‍ 14 മുതലാണ് പൂര്‍ണ തോതില്‍ സര്‍വീസ് ആരംഭിക്കുന്നത്.

നവംബർ 1 മുതൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുതായി ആരംഭിച്ച ടെർമിനൽ എ (ടിഎ) യിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ പ്രവർത്തനം മാറുമെന്ന് എയർലൈൻ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസിന്‍റെ പ്രധാന വിപണികളിലൊന്നാണ് അബുദാബി. അബുദാബിയെ കോഴിക്കോട്, കണ്ണൂർ, കൊച്ചി, മംഗലാപുരം, തിരുച്ചിറപ്പള്ളി, തിരുവനന്തപുരം എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന 29 പ്രതിവാര സർവീസുകള്‍ എയർലൈൻ നടത്തുന്നുണ്ട്. വിന്‍റർ ഷെഡ്യൂളിന്‍റെ ഭാഗമായി ഡിസംബറിൽ ഈ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവീസുകള്‍ 31 ആയി വർദ്ധിപ്പിക്കും.

നിർമ്മാണ ഘട്ടത്തിൽ മിഡ്ഫീൽഡ് ടെർമിനൽ എന്നറിയപ്പെട്ടിരുന്ന ടെർമിനലാണ് അബുദാബി ഇന്‍റർനാഷണൽ എയർപോർട്ടിൽ പുതുതായി ഉദ്ഘാടനം ചെയ്ത ടെർമിനൽ എ. പ്രതിവർഷം 45 ദശലക്ഷം യാത്രക്കാരെ വരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട് പുതിയ ടെർമിനലിന്. അബുദാബി ഇന്‍റർനാഷണൽ എയർപോർട്ടിന്‍റെ വിപുലീകരണത്തിന്‍റെ ഭാഗമാണ് അൽ മതാർ ഏരിയായിലെ ഈ അത്യാധുനിക ടെർമിനൽ. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് – ഇ-10 വഴി പുതിയ ടെർമിനലിൽ എത്തിച്ചേരാനാകും.

പുതിയ ടെർമിനൽ എ-യിൽ പാസ്പോർട്ട് സ്കാനിംഗ്, ഐ സ്കാനിംഗ് സൗകര്യങ്ങളുള്ള 34 ഇ-ഗേറ്റുകളും 38 ഇമിഗ്രേഷൻ കൗണ്ടറുകളും യാത്രക്കാർക്കായി ലഭ്യമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ പ്രോസസ്സിംഗ് കാര്യക്ഷമമാക്കുന്നതിനും കുറഞ്ഞ കാത്തിരിപ്പ് സമയം ഉറപ്പാക്കുന്നതിനുമായി അത്യാധുനിക ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയും പുതിയ ടെർമിനലിൽ നടപ്പാക്കും.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *